പെരിന്തല്‍മണ്ണയില്‍ ക്യൂ ദേശീയ പാതയിലെത്തി; കനത്തവെയിലില്‍ വലഞ്ഞ് ജനം
പെരിന്തല്‍മണ്ണ: 500 രൂപയും 1000 രൂപയും പിന്‍വലിച്ചതോടെ നിത്യച്ചെലവിനു പോലും കാശില്ലാതെ പൊരിവെയിലില്‍ ക്യൂ നിന്ന് പൊറുതി മുട്ടുകയാണ് പൊതുജനം.
ജോലിക്കാര്‍ക്ക് ദിവസക്കൂലിയായ പണം ലഭിച്ചെങ്കിലും ചെലവഴിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയാണിപ്പോള്‍.
ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എ.ടി.എമ്മുകളില്‍ മാത്രമാണ് പണം ലഭിച്ചിരുന്നത്.
സംസ്ഥാനത്ത് ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എ.ടി.എമ്മുകള്‍ കുറവാണ്.
ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഇതും പ്രാവര്‍ത്തികമായില്ലെന്ന് പരാതി ഉയരുന്നു.
പലയിടങ്ങളിലും രാവിലെ മുതല്‍ എടിഎമ്മുകളില്‍ ആളുകള്‍ തുക പിന്‍വലിക്കാന്‍ എത്തിയെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നു.
ബാങ്കുകള്‍ പണം നിറച്ച എടിഎമ്മുകളില്‍നിന്നു നിലവില്‍ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. നവംബര്‍ 18 വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരു എടിഎം കാര്‍ഡിലൂടെ പരമാവധി പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനുശേഷം 4000 രൂപവരെ പിന്‍വലിക്കാന്‍ കഴിയും.
സോഫ്റ്റ് വെയര്‍ മാറ്റാതെ പുതിയ നോട്ടുകള്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയാകും. 2000 രൂപ നോട്ടുകള്‍ എടിഎമ്മില്‍ നിക്ഷേപിക്കുമ്പോള്‍ അതിന് അനുസരിച്ച് മിക്ക എടിഎമ്മുകളിലും സോഫ്റ്റ് വെയര്‍ സംവിധാനം മാറേണ്ടി വരും.
സാങ്കേതിക വിദഗ്ധരുടെ അഭാവും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. ബാങ്കുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടരും. റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ഇന്നു അര്‍ധരാത്രി വരെയാണ് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."