ഇന്റര്‍നെറ്റിലെ അശ്ലീല പ്രചരണം: രണ്ടു വര്‍ഷത്തിനിടെ സഊദിയില്‍ പിടിയായത് 300 ലധികം ആളുകള്‍
റിയാദ്: ഇന്റര്‍നെറ്റ് വഴി അശ്ലീല പ്രചാരണം നടത്തിയ കേസില്‍ രണ്ടു വര്‍ഷത്തിനകം സഊദിയില്‍ 314 പേരെ സഊദി ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്റര്‍നെറ്റ് വഴി കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് റിയാദില്‍ ആരംഭിക്കുന്ന ത്രിദിന ദേശീയ ഫോറത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊതു സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജംആന്‍ അല്‍ ഗാംദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടു വര്‍ഷത്തിനിടെ അശ്ലീലം പ്രചരിപ്പിക്കുന്ന രണ്ടായിരത്തിലേറെ അക്കൗണ്ടുകള്‍ സഊദി സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. സഊദിയില്‍ നിന്നും അശ്ലീലം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ കുറിച്ച് ഇന്റര്‍പോളില്‍ നിന്ന് 1647 വിവരങ്ങളാണ് സഊദി സുരക്ഷാ വകപ്പിന് കിട്ടിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ 151 പ്രതികളെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രാജ്യത്തിനകത്തു നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 98 പേരെയും പിടികൂടിയിട്ടുണ്ട്.
പ്രതികളുടെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യക്ഷന്‍ ബ്യൂറോയ്ക്ക് കൈമാറിയിരിക്കയാണ്. ഇന്റര്‍നെറ്റ് വഴിയുള്ള ബാല ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പ്രത്യേക വിഭാഗമായാണ് ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."