പാസ്പോര്‍ട്ട്: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സേവനത്തിന് നിയന്ത്രണം
കണ്ണൂര്‍: പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നുള്ള പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) സേവനത്തിന് വിദേശകാര്യ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലുള്ള പാസ്പോര്ട്ടില് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ പി.സി.സി സേവനം നല്‍കേണ്ടതുള്ളൂവെന്നാണ് പുതിയ നിര്‍ദേശം. ഇതു വിദേശരാജ്യങ്ങളിലെ എംബസികളില്‍ നിന്നു പാസ്പോര്‍ട്ട് നേടിയവര്‍ക്കു തിരിച്ചടിയായി. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്ന അപേക്ഷകള്‍ മാത്രമാണു പൊലിസ് അന്വേഷണങ്ങള്‍ക്കു വിടുന്നത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി പുതുതായോ പുതുക്കുന്നതോ ആയ അപേക്ഷകളില്‍ പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് ഇല്ലാതെയാണ് നിലവില്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നത്.
വിദേശത്ത് കുടുംബ സമേതം താമസമാക്കിയവര്‍ക്കും മാതാപിതാക്കളുടെ പാസ്പോര്ട്ടുകള് ഹാജരാക്കിയാല്‍ നാട്ടിലെ പൊലിസ് അന്വേഷണമില്ലാതെ പാസ്പോര്‍ട്ട് അനുവദിക്കാറുണ്ട്. വിദേശകാര്യ വകുപ്പ് കടുത്ത നിര്‍ദേശം പുറപ്പെടുവിച്ചതോടെ വിസ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്കും പുതിയ വിസയില്‍ വിദേശത്തു ജോലിക്കു പോകേണ്ടവര്‍ക്കും പി.സി.സിക്കായി മൂന്നാഴ്ചയോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. വിദേശത്തു നിന്നു പാസ്പോര്‍ട്ട് നേടിയെന്ന കാരണത്താല്‍ വിസ ലഭിച്ചിട്ടും യാത്ര മുടങ്ങുന്ന അവസ്ഥയാണു വിദേശകാര്യ വകുപ്പ് നടപടി കടുപ്പിച്ചതോടെ വന്നുചേര്‍ന്നത്.
ജന്മനാട്ടില് തന്നെ വീടുമാറിയവര്ക്കും നിലവിലെ പാസ്പോര്‍ട്ട് വിലാസം മാറ്റിയാലേ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നുള്ളൂ. നേരത്തേ ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഒരുദിവസം കൊണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രയില്‍ നിന്നു പൊലിസ് ക്ലിയറന്‍സ് അനുവദിക്കാറുണ്ടായിരുന്നു. പാസ്പോര്‍ട്ട് വിലാസവും ഹാജരാക്കുന്ന രേഖകളിലെ വിലാസവും ഒത്തുനോക്കിയാണു പാസ്പോര്‍ട്ട് സേവാ കേന്ദ്രം വഴി പി.സി.സി അനുവദിച്ചിരുന്നത്. എന്നാല്‍ വിദേശകാര്യ വകുപ്പിന്റെ പുതിയ നടപടി മൂലം വിദേശത്തെ എംബസികളില്‍ നിന്നു പാസ്പോര്‍ട്ട് നേടിയവര്‍ പൊലിസ് ക്ലിയറന്‍സിനായി അപേക്ഷ നല്കി കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."