ബജറ്റ് വിഹിതം ലഭിച്ചില്ല; നാളികേര സംഭരണം പാളുന്നു
കോഴിക്കോട്: കേരഫെഡിന് ബജറ്റ് വിഹിതം ലഭിക്കാത്തതിനാല്‍ പച്ചത്തേങ്ങ സംഭരണം പാളുന്നു. കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം നാളികേരം സംഭരിച്ച കേരഫെഡിന് 101 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. തേങ്ങ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 76 കോടി രൂപ കേരഫെഡും നല്‍കാനുണ്ട്. ജൂണ്‍ മുതല്‍ നാളികേരം നല്‍കിയവര്‍ക്കാണ് കേരഫെഡ് കുടിശ്ശിക വരുത്തിയത്. ഇതോടെ സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പേരിന് മാത്രമായി.
പൊതുമാര്‍ക്കറ്റില്‍ 11 രൂപയുള്ള തേങ്ങ 25 രൂപ നിരക്കില്‍ സംഭരിക്കുമ്പോള്‍ അധികമായി നല്‍കേണ്ട തുകയും ജീവനക്കാരുടെ കൂലിയും സംസ്കരണ ശാലകളിലെത്തിക്കേണ്ട ചെലവുമടക്കം 101 കോടി രൂപയാണ് കേരഫെഡിന് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത്. വിഹിതം കിട്ടാന്‍ വൈകിയതോടെ കേരഫെഡിന്റെ അക്കൗണ്ടില്‍ നിന്നാണ് കര്‍ഷകര്‍ക്ക് പണം നല്‍കിയത്. ഈ ഇനത്തില്‍ മാത്രം 61 കോടി രൂപയാണ് കേരഫെഡിന് നഷ്ടം. മാത്രമല്ല, കര്‍ഷകരില്‍നിന്ന് കൂടുതല്‍ നാളികേരം സംഭരിക്കുന്നതിന് ബജറ്റില്‍ 100 കോടി രൂപയും വകയിരുത്തിയിരുന്നു. ഈ തുകയും കേരഫെഡിന് ലഭിച്ചിട്ടില്ല. ഇതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. നാളികേരം നല്കിയ കര്‍ഷകര്‍ പണം ചോദിച്ച് കൃഷിഭവനുകളിലെത്തുമ്പോള് കേരഫെഡില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ 388 കൃഷി ഭവനുകള്‍വഴി കര്‍ഷകരില്‍ നിന്ന് നിശ്ചിത കിലോ നാളികേരം മാത്രമാണ് കേരഫെഡ് സംഭരിച്ചിരുന്നത്. ബാക്കിയുള്ള നാളികേരം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയാണ് കര്‍ഷകര്‍ പിടിച്ചുനിന്നത്. പച്ചതേങ്ങ സംഭരണം വഴിപാടിലൊതുങ്ങുകയും പണം കുടിശ്ശികയാവുകയും ചെയ്തതോടെ സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നാളികേരം വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 32 രൂപ വരെ ഒരു കിലോ നാളികേരത്തിന് ലഭിച്ചിരുന്നു. പിന്നീട് നാളികേരത്തിന്റെ വില കുറഞ്ഞെങ്കിലും പുതിയ സര്‍ക്കാര്‍ നാളികേരത്തിന് 27 രൂപ താങ്ങുവില പ്രഖ്യാപിച്ചത് മേഖലയില്‍ വീണ്ടും ഉണര്‍വ് സൃഷ്ടിച്ചു. എന്നാല്‍, പുതിയ നിരക്കില്‍ നാളികേരം സംഭരിക്കാന്‍ ഇതുവരെ വകുപ്പ് തയാറായിട്ടില്ല. മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകള്‍ വഴിയും നാളികേരം സംഭരിക്കുമെന്ന കൃഷി മന്ത്രിയുടെ വാക്കും പാഴായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."