പ്രവീണ്‍ തൊഗാഡിയക്ക് മംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്ക്
മംഗളൂരു: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് മംഗളൂരുവില്‍ പ്രവേശിക്കുന്നതിന് പൊലിസിന്റെ വിലക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ.കെ.ജി ജഗദീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവില്‍ ഇന്നലെ മുതല്‍ ഒരാഴ്ച വരെയാണ് വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത്. ഭജന സപ്താഹ ഡയമണ്ട് ജൂബിലി വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി കൊക്കാഡ ഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് തൊഗാഡിയ മംഗളൂരുവില്‍ എത്തുന്നത്. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും ടിപ്പു ജയന്തിയോടനുബന്ധിച്ച് ജില്ലയില്‍ നടന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് വിലക്ക്. പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഗാഡിയ ജില്ലയിലെത്തുന്നത് മതസൗഹാര്‍ദത്തിനും ക്രമസമാധാനത്തിനും ഭീഷണിയാവുമെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ വിലക്കെന്നു ജില്ലാ ഭരണകൂടം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."