ചില്ലറയില്ല; നോട്ട് തേടി ഓട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ എ.ടി.എമ്മുകള്‍ ഭാഗികമായി തുറന്നെങ്കിലും പണത്തിനായി ജനം ഇന്നലെയും പരക്കംപാഞ്ഞു. കഴിഞ്ഞദിവസം ബാങ്കുകളില്‍ കണ്ട സമാനസാഹചര്യമായിരുന്നു ഇന്നലെയും. പല എ.ടി.എമ്മുകളിലേയും പണം പെട്ടന്ന് തീര്‍ന്നതിനാല്‍ പണമെടുക്കാന്‍ ക്യൂ നിന്നവര്‍ക്കു നിരാശയായിരുന്നു ഫലം. പുറംകരാറുകാര്‍ പണം നിറയ്ക്കുന്ന എ.ടി.എമ്മുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല. ബാങ്കുകള്‍ നേരിട്ടു നടത്തുന്ന എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ന്യൂ ജനറേഷന്‍ ബാങ്കുകളുടെ എ.ടി.എമ്മുകളും രാവിലെ ആറു മുതല്‍ സജ്ജമായി. എന്നാല്‍ രാവിലെ പത്തു മണിയ്ക്ക് മുന്‍പ് തന്നെ എ.ടി.എമ്മുകള്‍ കാലിയായി. ഒരു എ.ടി.എമ്മില്‍ 40 ലക്ഷം രൂപവരെ നിറയ്ക്കാം. എന്നാല്‍ നൂറു രൂപയുടെയും അന്‍പതു രൂപയുടെയും നോട്ടുകളായതിനാല്‍ നാലു ലക്ഷം വരെ മാത്രമേ നിറയ്ക്കാന്‍ കഴിയൂ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ട്രേകളില്‍ നൂറും അന്‍പതും നിറച്ചാല്‍ പരമാവധി രണ്ടരലക്ഷം വരെ മാത്രമേ നിറയ്ക്കാന്‍ കഴിയൂ. എ.ടി.എമ്മുകളില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാല്‍ 2000 രൂപയുടെ നോട്ട് നിറയ്ക്കാന്‍ കഴിഞ്ഞില്ല. ഇതിന് റിസര്‍വ് ബാങ്ക് അനുമതിയും നല്‍കിയിരുന്നു. അടുത്തയാഴ്ചയോടു കൂടി മാത്രമേ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ.
മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതില്‍ ഫീസ് ഈടാക്കാത്തതിനാല്‍ എല്ലാ എ.ടി.എമ്മുകളിലും തിരക്കായിരുന്നു. നഗരങ്ങളിലെ എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് മൂന്നു തവണയാണ് ബാങ്കുകള്‍ പണം നിറച്ചത്. 2000 രൂപ മാത്രമാണ് കാര്‍ഡ് വഴി പിന്‍വലിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. 19 മുതല്‍ 4000 രൂപ എ.ടി.എമ്മില്‍ നിന്നും പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പോലെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും ഇന്നലെയും ബാങ്കുകളില്‍ വന്‍ തിരക്കായിരുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ഇന്നലെ രാത്രി ഒന്‍പതു മണിവരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്. ഇന്നും നാളെയും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇന്ന് കൂടുതല്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. എന്നാലും ഉച്ചയ്ക്ക് മുന്‍പു തന്നെ കാലിയായേക്കും. എന്നാല്‍ ബാങ്കുകളില്‍ നിന്നു പണം നല്‍കാത്തതിനാല്‍ പുറം കരാറുകാര്‍ ഇന്നും എ.ടി.എമ്മില്‍ പണം നിറച്ചേക്കില്ല.
അതേസമയം, സഹകരണ ബാങ്കുകളില്‍ ഇന്നലെ പഴയ നോട്ട് സ്വീകരിച്ചു. എന്നാല്‍ പണം പിന്‍വലിക്കാന്‍ അനുവദിച്ചില്ല. ബാങ്കുകള്‍ പുതിയ നോട്ട് നല്‍കാത്തതിലാണ് പണം പിന്‍വലിക്കാന്‍ അനുമതിയില്ലാത്തതെന്ന് സഹകരണ ബാങ്ക് അധികൃതര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ ആശുപത്രികളും ഇന്നലെ പഴയ നോട്ട് സ്വീകരിച്ചു. പഴയ നോട്ട് ഇന്നും സ്വീകരിക്കാന്‍ നിര്‍ദേശം ലഭിച്ചത് ആശ്വാസമായിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും വില്‍പന തീരെ കുറഞ്ഞു. ബാങ്കുകളില്‍ നിന്നു കിട്ടിയ രണ്ടായിരം രൂപയും കൊണ്ട് ജനങ്ങള്‍ നെട്ടോട്ടമോടിയ കാഴ്ചയും ഇന്നലെ കണാന്‍ കഴിഞ്ഞു. കടകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ചില്ലറ നല്‍കാന്‍ കഴിയാതെ വന്നതാണ് കാരണം. ആദ്യ രണ്ടു ദിവസം ചില്ലറ തീര്‍ന്നതിനാല്‍ കടകളില്‍ ചില്ലറ ക്ഷാമം രൂക്ഷമായി. ഫലത്തില്‍ ബാങ്കില്‍ നിന്നു കിട്ടിയ പണം കൊണ്ടും പലര്‍ക്കും പ്രയോജനമില്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."