ഈ ഓടക്കുഴല്‍ പാടില്ല, പക്ഷെ നിങ്ങളുടെ ചുമ കുറയ്ക്കും
ചുമ. പിന്നെയും ചുമ. നിര്‍ത്താതെയുള്ള ചുമ അലോസരപ്പെടുത്തുമ്പോള്‍ നമ്മള്‍ ‘കുര’ എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങും. ചുമയ്ക്ക് മുമ്പില്‍ നമ്മുടെ ക്ഷമ അത്രയും ഇല്ലാതായിട്ടുണ്ടാവും. അങ്ങനെയുള്ളവരെ ഒരുപക്ഷേ, ഈ ഓടക്കുഴല്‍ ഉപകരണം സഹായിച്ചേക്കും.
പഴക്കം ചെന്ന ശ്വാസകോശ രോഗങ്ങള്‍ക്കു വരെ ശമനം നല്‍കാന്‍ ചതുരാകൃതിയിലുള്ള ‘ശ്വാസകോശ ഓടക്കുഴലിന്’ ആവുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്.
ഈ ഓടക്കുഴലിലൂടെ ആയാസരഹിതമായി ഊതിയാല്‍ മതി. അതിനും മാത്രം എന്തു മാജിക്കാണ് ഇതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നു സംശയിക്കേണ്ട. ഓടക്കുഴലിന്റെ ഓടയില്‍ ചെറിയ പ്ലാസ്റ്റിക്ക് പ്ലേറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. നമ്മള്‍ ഊതുമ്പോള്‍ ഈ പ്ലേറ്റുകള്‍ നെഞ്ചില്‍ കമ്പനമുണ്ടാക്കും. ഏതാണ്ട് 16 ഹെട്‌സ് ശബ്ദതരംഗത്തിന് തുല്യമായിരിക്കും ഈ കമ്പനം. ഇത് കഫക്കെട്ടിനെ ഇളക്കുകയും പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.
നിരവധി രാജ്യങ്ങളില്‍ ലബോറട്ടറികളില്‍ കഫം പരിശോധിക്കാനായി ഇപ്പോള്‍ ഈ ഉപകരണം ഉപയോഗിച്ചുവരുന്നുണ്ട്. ജപ്പാനില്‍ ശ്വാസകോശ ക്ലിനിക്കുകളില്‍ ഇതുപയോഗിക്കുന്നുണ്ട്. യൂറോപ്പിലും കാനഡയിലും കാന്‍സര്‍ രോഗികളുടെ കഫം തുപ്പിക്കാന്‍വേണ്ടി ഈ ഉപകരണം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകാതെ ഈ ഉപകരണം ഡോക്ടറുടെ നിര്‍ദേശപ്രകാരം നിങ്ങളുടെ വീട്ടിലും എത്തിയേക്കാം. ഉപകരണത്തിന് യു.എസ് എഫ്.ഡി.എയുടെ അംഗീകാരവുമുണ്ട്. യു.എസില്‍ ഇതിന്റെ വില 40 (ഏകദേശം 2600 രൂപ) ഡോളറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."