പ്രതിക്കു ജീവപര്യന്തം തടവും പിഴയും
മഞ്ചേരി: റബര്‍ തോട്ടം സ്ലോട്ടറിങ്ങിന് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും. പാലേമാട് മണിമലയില്‍ ലാലു ജോസഫി(46)നെയാണ് മഞ്ചേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എന്‍ സുജിത്ത് ശിക്ഷിച്ചത്. 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും, 307-ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കണം.
ഇല്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
എടക്കര പാലേമാട് നാരോകാവ് ഈന്തന്കുഴിയില് ഇബ്രാഹീം(41)കൊല്ലപ്പെട്ട കേസിലാണ് വിധി. കൊല്ലപ്പെട്ട ഇബ്രാഹീമും ഒന്നാം സാക്ഷി അബ്ദുല്‍ റഷീദും ഒന്നിച്ച് റബര്‍ തോട്ടം സ്ലോട്ടറിങിനായി എടുത്തിരുന്നു.
ഇതിനായി നേരത്തെ പ്രതി ലാലു ജോസഫും ശ്രമിച്ചിരുന്നു. എന്നാല്‍ തോട്ടം ലഭിക്കാത്തതിലുള്ള വൈരാഗ്യം മൂലം പ്രതി ലാലു ജോസഫ് ഇബ്രാഹീമിനെ കുത്തുളി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. 2011 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
തടുക്കാനെത്തിയ അബ്ദുല്‍ റഷീദിനെ കക്ഷത്തിലും കൈക്കും കുത്തി. സംഭവത്തില്‍ ചോര വാര്‍ന്ന് ഇബ്രാഹീം തല്‍ക്ഷണം മരിക്കുകയായിരുന്നു. സാക്ഷിമൊഴികളുടെയും രേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കേസില്‍ 24 സാക്ഷികളും 26 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. പിഴ അടക്കുന്നപക്ഷം ഇബ്രാഹീമിന്റെ അനന്തരാവകാശികള്‍ക്ക് തുക കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യൂനുസ് സലീം ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."