വരിനിന്ന് വലഞ്ഞ് ജനം; എ.ടി.എമ്മില്‍ പണമില്ല; അറുതിയാവാതെ ദുരിതം
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിത്യചെലവിനുള്ള പണത്തിനായി നെട്ടോട്ടത്തിന് ഇന്നലെയും അറുതിയായില്ല. പഴയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കാനുളളവരുടേയും പണം പിന്‍വലിക്കാനുളളവരുടേയും തിരക്ക് ജില്ലയിലെ ബാങ്കുകള്‍ക്ക് മുന്നില്‍ കൂടിവരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മണിക്കൂറുകളോളം വരിനിന്ന് ക്ഷീണിച്ചാണ് പലരും വീട്ടിലേക്ക് മടങ്ങിയത്.
രണ്ടു ദിവസമായി പൂട്ടിയിട്ടിരുന്ന എ.ടി.എമ്മുകള്‍ ഇന്നലെ തുറക്കുന്നതോടെ കറന്‍സി ക്ഷാമത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷയും തെറ്റിയതോടെ ജനം ആശങ്കയിലായി. തുറന്നുപ്രവര്‍ത്തിച്ച അപൂര്‍വം എ.ടി.എം കൗണ്ടറുകളുടെ മുന്‍പില്‍ നീണ്ട ക്യൂവും തിക്കും തിരക്കുമായിരുന്നു. ചിലയിടത്ത് വാക്കേറ്റവുമുണ്ടായി. ഇന്നലെ എ.ടി.എം തുറന്നാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും സ്ഥിതിഗതികള്‍ പഴയപടിയാവുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. പക്ഷെ, നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഭൂരിപക്ഷം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞുതന്നെ കിടന്നു.
ബാങ്കുകള്‍ നേരിട്ട് നിക്ഷേപം നടത്തുന്ന എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചെങ്കിലും അതുമുണ്ടായില്ല. എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ബാങ്കുകളില്‍ ഇടപാടുകാര്‍ നേരിട്ടെത്തുമ്പോഴുളള തിരക്ക് കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. ബാങ്കിലെ നീണ്ട ക്യൂവിന് പുറമെ ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മുകളില്‍ കൂടി ജനത്തിരക്കായതോടെ പലയിടത്തും റോഡിലേക്ക് വരെ ക്യൂ നീണ്ടു.
എ.ടി.എം കൗണ്ടറുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ഇല്ലാത്തതുകൊണ്ട് പലയിടത്തും പ്രയാസം സൃഷ്ടിച്ചു. ജില്ലയില്‍ എസ്.ബി.ഐക്ക് കീഴില്‍ 40 ബ്രാഞ്ചുകളാണ് ഉളളത്. ഇവക്ക് കീഴിലുള്ള എണ്‍പതോളം എ.ടി.എമ്മുകളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും പണം എത്തിയിരുന്നില്ല. നഗരത്തിലെ പല എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്‍പിലും രാവിലെ മുതല്‍ നീണ്ടനിരയുമുണ്ടായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ സ്വയം പിരിഞ്ഞുപോയി. എ.ടി.എമ്മുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇന്നലെയും ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞില്ല.
എ.ടി.എം കൗണ്ടറുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ നോട്ടുകള്‍ ലഭ്യമാക്കാത്തതിനാല്‍ അത്തരം കൗണ്ടറുകളും പൂട്ടിക്കിടന്നു. ഫെഡറല്‍ ബാങ്കിന്റെ 33 ബ്രാഞ്ചുകള്‍ക്ക് കീഴിലെ 60 എ.ടി.എമ്മുകളില്‍ കുറച്ചു മാത്രം പണം എത്തി. ഫെഡറല്‍ ബാങ്കില്‍ രാവിലെ ആര്‍.ബി.ഐയില്‍നിന്ന് ലഭിച്ച നാലുകോടിയോളം രൂപയില്‍ ഒരു ഭാഗം എ.ടി.എമ്മുകളില്‍ നിറച്ചിരുന്നു. പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് തീര്‍ന്നു. ഇന്നലെയും ജില്ലയിലെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കാനുള്ളവരുടേയും പണം പിന്‍വലിക്കാനുള്ളവരുടേയും തിരക്കിന് കുറവുണ്ടായില്ല. വ്യാഴാഴ്ച ജില്ലയിലെ വിവിധ ബാങ്കുകള്‍ക്ക് മുന്‍പില്‍ കാത്തുനിന്ന് മടങ്ങിയവരാണ് ഇന്നലെ എ.ടി.എമ്മുകള്‍ക്ക് മുന്‍പില്‍ എത്തിയിരുന്നത്. ഇന്നലെ ഇവര്‍ പുലര്‍ച്ചെ മുതല്‍ കാത്തിരുക്കുകയായിരുന്നെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. ചിലയിടത്ത് ഉച്ചയോടെയാണ് എ.ടി.എമ്മുകള്‍ തുറന്നത്. ബാങ്കുകളിലേക്ക് ആവശ്യത്തിന് പണം ലഭിക്കാത്തതാണ് പ്രശ്‌നമായത്.
ഏറെ നേരം കാത്തുനിന്നിട്ടും എ.ടി.എം തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ ജനം ബാങ്കുകള്‍ക്ക് മുന്‍പിലെത്തി. പക്ഷെ നീണ്ട ക്യൂ ആയിരുന്നു അവിടെയും. മാനാഞ്ചിറ എസ്.ബി.ഐ മുഖ്യശാഖയില്‍ ഇന്നലെയും വന്‍ തിരക്കനുഭവപ്പെട്ടു. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ബാങ്കുകള്‍ക്ക് മുന്‍പില്‍ നീണ്ട വരിയായിരുന്നു. പേരാമ്പ്ര, കുന്ദമംഗലം, കൊയിലാണ്ടി, ബാലുശ്ശേരി, ഫറോക്ക്, വടകര, കൊടുവള്ളി എന്നിവടങ്ങളിലൊന്നും ഉച്ചവരെ ഒറ്റ എ.ടി.എമ്മും തുറന്നില്ല. മുക്കത്തും കൊയിലാണ്ടിയിലും ഭാഗികമായി പണം ലഭിച്ചു. ഇതും മണിക്കൂറുകള്‍ക്കകം അവസാനിച്ചു. എസ്.ബി.ഐയുടെ മാനാഞ്ചിറ ബ്രാഞ്ചിന് മുന്‍പിലെ രണ്ട് എ.ടി.എമ്മുകളില്‍ ഉച്ചക്ക് രണ്ടോടെ പണമത്തെിച്ചെങ്കിലും അപ്പോഴേക്കും സാങ്കേതിക തകരാര്‍ സംഭവിച്ചു. ഇവിടെ രാവിലെ വരി നിന്ന് നിരവധി പേര്‍ മടങ്ങിപ്പോയിരുന്നു.
പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ ആദ്യദിവസം തുറന്നപ്പോള്‍ തന്നെ പലയിടങ്ങളിലും 100 രൂപ, 50 രൂപ നോട്ടുകള്‍ തീര്‍ന്നിരുന്നു. പലയിടത്തും പുതിയ 500 രൂപ എത്തിയതുമില്ല. ഇതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പ്രവര്‍ത്തനം ആരംഭിച്ച എ.ടി.എമ്മുകളില്‍ നോട്ടുകളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. എ.ടി.എമ്മുകളില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
സോഫ്റ്റ്‌വെയര്‍പ്രശ്‌നം; പുതിയ 2000 ഉള്‍ക്കൊള്ളാതെ എ.ടി.എമ്മുകള്‍
കോഴിക്കോട്: പുതിയ രണ്ടായിരം രൂപ നോട്ട് ഉള്‍പ്പെടുത്തി രാജ്യത്തെ എല്ലാ എ.ടി.എമ്മുകളും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇനിയും ആഴ്ചകളെടുക്കും. വേണ്ടത്ര തയാറെടുപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ അനന്തരഫലമാണ് ഇപ്പോള്‍ എ.ടി.എമ്മില്‍ കാണുന്ന സാങ്കേതിക പ്രശ്‌നങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2000 രൂപയുടെ പുതിയ നോട്ടുകള്‍ എ.ടി.എമ്മില്‍ നിറക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നമാണ് വലിയ വെല്ലുവിളി. പുതിയ 2000 രൂപയുടെ നോട്ടിന് സാധാരണ നോട്ടിനേക്കാള്‍ കനവും വലിപ്പവും കുറവാണ്. ഓരോ നോട്ടിന്റേയും വലിപ്പവും കനവും അനുസരിച്ചാണ് എ.ടി.എമ്മിലെ ഡിസ്‌പെന്‍സിങ് പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. നിലവില്‍ 50, 100, 500, 1000 നോട്ടുകളുടെ വലിപ്പത്തിലും കനത്തിലുമാണ് ഈ പ്രോഗ്രാം സജ്ജീകരിച്ചത്. പുതിയ 500, 2000 നോട്ടുകള്‍ക്ക് പഴയ നോട്ടുകളുടെ വലിപ്പവുമായി വലിയ വ്യത്യാസമുള്ളതിനാല്‍ ഇതിന്റെ അളവുകള്‍ പ്രോഗ്രാമിലേക്ക് മാറ്റേണ്ടി വരും. പുതിയ നോട്ടുകളുടെ സെക്യൂരിറ്റി അടയാളങ്ങളും സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കണം.
നോട്ടുകള്‍ അസാധുവാക്കുന്നതു വരെ 2000 രൂപ പിന്‍വലിക്കുമ്പോള്‍ 1000 രൂപയുടെ രണ്ട് നോട്ട് അല്ലെങ്കില്‍ 500 രൂപയുടെ നാല് നോട്ട് ആണ് ലഭിക്കുക. ഇപ്പോള്‍ നൂറ്, അഞ്ഞൂറ് രൂപ നോട്ടുകളാണ് എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നതിലേറെയും. നൂറിന്റേയും അമ്പതിന്റേയും നോട്ടുകള്‍ക്ക് ആവശ്യക്കാരേറിയത് മുന്‍കൂട്ടി കണ്ടാണ് ഇപ്പോള്‍ പിന്‍വലിക്കാവുന്ന തുകയ്ക്ക് 2000 രൂപയെന്ന പരിധി നിശ്ചയിച്ചത്.
സാധാരണക്കാരന് ദുരിതം സമ്മതപത്രത്തിന്റെ രൂപത്തിലും
കോഴിക്കോട്: മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് അവരുടെ സമ്മതപത്രംകൂടി വേണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ഇടപാടുകാര്‍ക്ക് തിരിച്ചടിയായി. സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് വിലക്കില്ലെങ്കിലും മറ്റുള്ളവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനെത്തിയവര്‍ ഇതുമൂലം ഇന്നലെ പൊല്ലാപ്പിലായി. അക്കൗണ്ട് ഉടമയുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയൂ. പഴയ നോട്ടുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് തിരിച്ചറിയല്‍ രേഖ മാത്രം മതിയെന്നിരിക്കെയാണ് ഈ നിര്‍ദേശം. ദൂരെ സ്ഥലങ്ങളില്‍ ഉള്ളവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവരാണ് ഇതോടെ ദുരിതത്തിലായത്. അക്കൗണ്ട് ഉടമ ഒപ്പിട്ട സമ്മതപത്രം സംഘടിപ്പിക്കാന്‍ ഏറെ പ്രയാസമാണ് പലര്‍ക്കും നേരിടേണ്ടി വരുന്നത്. എസ്.ബി.ഐ അടക്കം പ്രധാന ബാങ്കുകളെല്ലാം സമ്മതപത്രത്തിന്റെ ഒറിജിനല്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ദൂരസ്ഥലത്ത് പഠിക്കുന്ന മക്കള്‍ക്ക് പണമയക്കാന്‍ അക്കൗണ്ടിലേക്ക് പണം ഇടാന്‍ അവിടെപ്പോയി സമ്മതപത്രം കൊണ്ടുവരേണ്ട ഗതികേടാണ്. അതേസമയം, ഫെഡറല്‍ ബാങ്ക്‌പോലുള്ള ചില ബാങ്കുകള്‍ ഒപ്പിട്ട സമ്മതപത്രം ഓണ്‍ലൈന്‍വഴി എത്തിച്ചാലും പരിഗണിക്കാമെന്ന് പറയുന്നുണ്ട്. നേരത്തെ ബാങ്കിലെത്തി ആരുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കുന്നതിന് ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയായിരുന്നു. പഴയ നോട്ടുകള്‍ മാറ്റുന്നതിനും പണം കൈമാറുന്നതിനുമായി നിരവധി പേര്‍ മറ്റൊരാളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനായി എത്തുന്നുണ്ട്. അക്കൗണ്ട് ഉടമ അറിയാതെ മറ്റൊരാള്‍ കൈയിലുള്ള അനധികൃത പണം നിക്ഷേപിക്കുന്നത് തടയാനാണ് സമ്മതപത്രം നിര്‍ബന്ധമാക്കിയതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ നേരിട്ടെത്തി ഒപ്പുവയ്ക്കുന്നതാണ് രീതി. നോട്ട് മാറ്റിക്കൊടുക്കല്‍ തിരക്കിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് ഈ ജോലി ഇരട്ടി ദുരിതമായി.
പുതിയ രണ്ടായിരം രൂപ ചില്ലറയാക്കാനും നാടെങ്ങും നെട്ടോട്ടം
കോഴിക്കോട്: ബാങ്കില്‍ ക്യൂ നിന്ന പലര്‍ക്കും പണം കിട്ടിയിട്ടില്ല. കിട്ടിയവര്‍ക്കാവട്ടെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും. ഇത് ചില്ലറയാക്കാനായുളള നെട്ടോട്ടമായിരുന്നു പിന്നീട്. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ ഇന്നലെ രാവിലെ 9.30 മുതല്‍ പുതിയ നോട്ടുകള്‍ നല്‍കി ത്തുടങ്ങി. എന്നാല്‍ മുഴുവനും 2000 രൂപയുടെ കറന്‍സികള്‍ മാത്രമായിരുന്നു. മാനാഞ്ചിറയ്ക്ക് സമീപമുളള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന് വ്യാഴാഴ്ച ഉച്ചയോടെ 37 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഇത് പോസ്റ്റ് ഓഫിസിലെ ആവശ്യങ്ങള്‍ക്ക് മാത്രമേ തികഞ്ഞിരുന്നുളളൂ. ഈകാര്യം എസ്.ബി.ഐ അധികൃതരെ അറിയിച്ചതോടെ വെള്ളിയാഴ്ച ഒരു കോടി രൂപ അനുവദിച്ചു. വ്യാഴാഴ്ച നിക്ഷേപമായി 12 ലക്ഷം രൂപയാണ് ഹെഡ് പോസ്റ്റ് ഓഫിസില്‍ എത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി പോലുള്ളവ പഴയ നോട്ടുകള്‍ സ്വീകരിക്കാതിരുന്നത് വാഹനമുടമകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കാര്‍ഡുകള്‍ മുഖേനയുള്ള പണമിടപാടും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് സ്വീകാര്യമായില്ല. ഇന്‍ഷൂറന്‍സ് തുക അടയ്ക്കാന്‍ എത്തിയവരോട് 100 രൂപയുടേയും 50 രൂപയുടേയും ഗുണിതങ്ങളായി പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പല ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും ചെക്കുകളും സ്വീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."