എ.ടി.എം പ്രവര്‍ത്തനം പേരിന് മാത്രം; വലഞ്ഞ് ജനം
മാനന്തവാടി: ബാങ്കില്‍ തിക്കും തിരക്കും, രക്ഷപ്പെട്ട് എ.ടി.എമ്മുകളിലെത്തിപ്പോള്‍ അതിനേക്കാള്‍ വലിയ ക്യൂ.. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനായി ഐ.ഡി പ്രൂഫുകളും പോക്കറ്റിട്ട് ജനം നട്ടം തിരിയുകയാണ്. എ.ടി.എം കൗണ്ടറുകള്‍ ഇന്നലെ തുറന്നെങ്കിലും പ്രവര്‍ത്തനം ഭാഗികമായതാണ് പൊതുജനങ്ങള്‍ക്ക് തിരിച്ചടിയായത്.
ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പ്രധാന നഗരങ്ങളിലെ എ.ടി.എമ്മുകള്‍ക്ക് മുന്നിലെല്ലാം രാവിലെ മുതലേ ജനങ്ങളെത്തി തുടങ്ങിയിരുന്നു. എന്നാല്‍ നഗരങ്ങളിലെ എ.ടി.എമ്മുകളെല്ലാം ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. കല്‍പ്പറ്റയില്‍ വിവിധ ബാങ്കുകളുടെ 15ഓളം എ.ടി.എം കൗണ്ടറുകളാണുള്ളത്.
ഇതില്‍ പല എ.ടി.എമ്മുകളും പ്രവര്‍ത്തിച്ചിരുന്നുമില്ല. പ്രവര്‍ത്തന സജ്ജമായ മറ്റു കൗണ്ടറുകള്‍ ഉച്ചയോടെ നിലക്കുകയും ചെയ്തു. മാനന്തവാടിയില്‍ വിവിധ ബാങ്കുകളുടെ എട്ട് ഏ.ടി.എം കൗണ്ടറുകളാണുള്ളത്. ഇതില്‍ എസ്.ബി.ടി.യുടെ രണ്ടും എച്ച്.ഡി.എഫ്.സി.യുടെ ഒരു എ.ടി.എമ്മും മാത്രമാണ് പ്രവര്‍ത്തിച്ചത്.
ഇവിടങ്ങളില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരിയിലും എ.ടി.എം കൗണ്ടറുകളിലെത്തിയ ജനങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. ബാങ്കുകള്‍ക്ക് മുന്നിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രാവിലെ മുതല്‍ വലിയ തിരക്കാണ് എല്ലാ ബാങ്കുകളിലും അനുഭവപ്പെട്ടത്. ചില ബാങ്കുകളില്‍ ആവിശ്യത്തിന് തുക മാറ്റികൊടുക്കാനില്ലാത്തത് ജനങ്ങളെയും ജീവനക്കാരെയും ഒരു പോലെ വലച്ചു. പോസ്റ്റ് ഓഫിസിന് മുന്നിലും നല്ല തിരക്കായിരുന്നു.
ഇവിടെയും പണത്തിന്റെ കുറവ് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കി. പ്രാഥമിക സഹകരണ ബാങ്കുകകള്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ചത് നേരിയ ആശ്വാസമായി.
നിരോധിച്ച നോട്ടുകള്‍ കൊണ്ട് സ്വര്‍ണ പണയമുള്‍പ്പെടെയുള്ള ഇടപാടുകള്‍ നടത്താനാകാത്തത് സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചു.
വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ യുവ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചിരുന്നു. നിയന്ത്രണം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ബാങ്ക്, എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നില്‍ ജനത്തിരക്ക് ഏറും.
'എട്ടിന്റെ പണി' കിട്ടി വ്യാപാര മേഖല
കല്‍പ്പറ്റ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് മലഞ്ചരക്ക്, പഴം, പച്ചക്കറി മേഖല കനത്ത ആഘാതമാകുന്നു. നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ ജില്ലയിലെ വ്യാപാര മേഖല പാടെ നിലച്ച മട്ടാണ്. പൈങ്ങ സീസണ്‍ ആണെങ്കിലും കടകളില്‍ പൈങ്ങ എടുത്താല്‍ പണം നല്‍കാനില്ലാത്തത് കര്‍ഷകര്‍ക്കും കടയുടമകള്‍ക്കും ദുരിതമാകുകയാണ്.
കൂടാതെ എടുത്ത പൈങ്ങകള്‍ വില്‍ക്കാനാകാതെ കടകളില്‍ കെട്ടിക്കിടക്കുകയാണ്. പൈങ്ങ ഉണങ്ങി തൂക്കം കുറയുന്നതോടെ വ്യാപാരികള്‍ക്ക് കനത്ത നഷ്ടത്തില്‍ ഇതു വില്‍ക്കേണ്ടി വരും. കുരുമുളക്, കാപ്പി, ഇഞ്ചി, ഏലം മാര്‍ക്കറ്റുകളുകളുടേയും സ്ഥിതി മറിച്ചല്ല. വാഴക്കര്‍ഷര്‍ക്കാണ് നോട്ടുകള്‍ അസാധുവാക്കിയത് ഏറെ തിരിച്ചടിയായിരിക്കുന്നത്. വിളവെടുത്തത് വില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. ഈ മേഖലയിലെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്. നോട്ട് പിന്‍വലിച്ചുള്ള പ്രഖ്യാപനം വരുന്നതിന് മുമ്പ് സ്റ്റോക്ക് ചെയ്ത പഴങ്ങള്‍ടക്കം കടകളില്‍ പഴുത്ത് നശിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. 500, 1000 രൂപാ നോട്ടുകള്‍ കൈമാറ്റത്തിന് ആരും തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. പച്ചക്കറി വ്യാപാര മേഖലയും തകര്‍ന്ന നിലയിലാണ്. കനത്ത വെയിലും മേഖലയെ ദോശകരമായി ബാധിക്കുന്നുണ്ട്.
നോട്ട് പുതിയതാക്കാന്‍ നീലഗിരിയിലും
നെട്ടോട്ടം
ഗൂഡല്ലൂര്‍: വിപണിയില്‍ നിന്ന് പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനാകാതെ നീലഗിരിയിലും ജനങ്ങള്‍ ദുരിതത്തില്‍. ജില്ലയിലെ ഊട്ടി, കുന്നൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവര്‍ഷോല, ബിദര്‍ക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെ ബാങ്കുകളിലെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതിരാവിലെ തന്നെ ബാങ്കുകള്‍ക്കും എ.ടി.എം കൗണ്ടറുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. നോട്ടുകള്‍ പിന്‍വലിച്ചത് വ്യാപാര മേഖലെയും തളര്‍ത്തിയിരിക്കുകയാണ്. ചില്ലറയില്ലാത്തതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനാകാതെ വരെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. ജനത്തിരക്കേറിയതോടെ പലയിടങ്ങളിലും ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലിസ് നന്നേ പാടുപെടേണ്ടിവന്നു. ബാങ്കുകള്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഒരാള്‍ക്ക് ഒരു ദിവസം 4000 രൂപയെ മാറാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ 2000 രൂപ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഗ്രാമങ്ങളിലും പണം മാറാന്‍ സംവിധാനങ്ങളൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."