രാജസ്ഥാനില്‍ പാഠപുസ്തകങ്ങളില്‍നിന്നു വിവരാവകാശ നിയമവും പുറത്ത്
ന്യൂഡല്‍ഹി: രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്നും രാജ്യത്തു വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തെ (ആര്‍.ടി.ഐ) കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. സംസ്ഥാനത്തെ പുതുക്കിയ സിലബസില്‍ നിന്നാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ സുപ്രധാന വിവരാവകാശ നിയമത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് 2004ലാണ് യു.പി.എ സര്‍ക്കാര്‍ വിവരാവകാശ നിയമം നടപ്പാക്കിയത്.
ഈ നിയമമാണ് രാജസ്ഥാനിലെ വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയത്. ലോകത്തെ വിവിധ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന വിവരാവകാശ നിയമം ഒഴിവാക്കിയതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഉദയ്പുര്‍ ആസ്ഥാനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് ആണ് പുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. പുസ്തകം ഇതുവരെ വിപണിയില്‍ ലഭ്യമല്ല. എന്നാല്‍ പുസ്തകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ ഇതേ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണിത്. സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിലെ രണ്ട് അധ്യായങ്ങളില്‍ ഉണ്ടായിരുന്ന നെഹ്‌റുവിനെ പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തെ പുസ്തകങ്ങളില്‍ നിന്നു നീക്കിയത്. നേരത്തെ പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് നെഹ്‌റുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പുസ്തകത്തില്‍ നെഹ്‌റു, സരോജിനി നായിഡു ഉള്‍പ്പെടെയുള്ള ചില പ്രമുഖരേയും ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഗാന്ധി വധത്തെക്കുറിച്ചും നാദുറാം ഗോഡ്‌സെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നില്ല.
പത്താംക്ലാസ് പുസ്തകത്തില്‍ പശുവിനു ദൈവങ്ങള്‍ക്കൊപ്പം സ്ഥാനം നല്‍കിയതും വിവാദമായിരുന്നു. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചതിനൊപ്പം വന്‍ പ്രാധാന്യവും നല്‍കിയത്. പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്റെ വലിയ ചിത്രവും നല്‍കിയിട്ടുണ്ട്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരിക്കുന്നത്. പശുവിന്റെ മൂത്രം മരുന്നാണ്. ദീര്‍ഘായുസ്സ്, സന്തോഷം, അഭിവൃദ്ധി, ആരോഗ്യം എന്നീ സവിശേഷമായ ഘടകങ്ങള്‍ നല്‍കുന്നത് പശുവാണെന്നും കുട്ടികളോട് അമ്മയായ പശു കത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."