പൊതുവിദ്യാഭ്യാസ ആനുകൂല്യം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഒരേപോലെ ലഭ്യമാക്കണം: കെ.എസ്.ടി.യു
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ആനുകൂല്യം സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഒരു പോലെ ലഭിക്കത്തക്ക രീതിയില്‍ പദ്ധതി ആസൂത്രണം ചെയ്യണമെന്നു കെ. എസ്.ടി.യു സംസ്ഥാന ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദും ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീനുമാണു യോഗത്തില്‍ പങ്കെടുത്തത്. സ്കൂള്‍ പാഠപുസ്തകങ്ങള്‍ നിലവിലുള്ള രണ്ട് വാള്യം മൂന്നാക്കി മാറ്റുമെന്ന മന്ത്രിയുടെ പ്രസ്താവന അനുചിതവും അപ്രായോഗികവുമാണ്. സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചു പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവു പിന്‍വലിക്കണം. ഇത്തരം അധ്യാപകര്‍ക്കു തടഞ്ഞ ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. അധ്യാപക പാക്കേജ് മൂലം നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്കു മുന്‍കാല പ്രാബല്യം വേണം. മേള നടത്തിപ്പിനുള്ള അനധികൃത പിരിവുകള്‍ നിയന്ത്രിക്കുകയും ഉപജില്ല, ജില്ലാ മേളകള്‍ക്കു കൂടി മതിയായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ടി യു നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."