പൊലിസ് ടെലികമ്മ്യൂണിക്കേഷനില്‍ കൂട്ട സ്ഥലം മാറ്റം
തിരുവനന്തപുരം: പൊലിസ് അസോസിയേഷനിലെ യു.ഡി.എഫുകാരായ മുന്‍ ജില്ലാ ഭാരവാഹികളടക്കം ടെലികമ്മ്യൂണിക്കേഷനിലുള്ള നാല്‍പതു പേരെ വിദൂരജില്ലകളിലേക്ക് സ്ഥലംമാറ്റി. പൊലിസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് കൂട്ടസ്ഥലംമാറ്റം. ഓപ്ഷന്‍ ക്ഷണിച്ചാണ് സാധാരണ സ്ഥലംമാറ്റം നടത്തുക. ജില്ലയ്ക്ക് പുറത്തേക്കാണ് മാറ്റമെങ്കില്‍ അത് അപേക്ഷ പ്രകാരമോ പരസ്പര ധാരണയോടെയുള്ള മാറ്റമായിരിക്കും. തിരുവനന്തപുരത്തെ പൊലിസുകാരെ കോട്ടയത്തേക്കും പത്തനംതിട്ടയിലേക്കും അവിടെ നിന്നുള്ളവരെ എറണാകുളത്തേക്കും മാറ്റി. മലപ്പുറത്തുകാരെ കോഴിക്കോട് റൂറലിലേക്കും ആലുവയിലെ പൊലീസുകാരെ ആലപ്പുഴയിലേക്കും മാറ്റി. സ്ഥലം മാറ്റപ്പെട്ടവരുടെ പേരില്‍ അച്ചടക്ക നടപടിയോ അന്വേഷണമോ നിലവിലില്ലാത്തവരും പലരും മൂന്നു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കാത്തവരുമാണ്.
പൊലിസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളെ അനുകൂലിക്കാത്ത പൊലിസുകാരെ തിരഞ്ഞുപിടിച്ച് ഇപ്പോഴത്തെ ഭാരവാഹികള്‍ മാറ്റിയെന്നാണ് സ്ഥലം മാറ്റപ്പെട്ടവരുടെ ആരോപണം.കൂട്ടസ്ഥലംമാറ്റത്തിന് ടെലികമ്യൂണിക്കേഷന്‍ സൂപ്രണ്ട് പ്രതീഷ് കുമാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എസ്.പി വഴങ്ങിയില്ല. ഒടുവില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സ്ഥലംമാറ്റ ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രേ. പൊലിസിലെ വിദഗ്ദ്ധ വിഭാഗമായ ടെലികമ്മ്യൂണിക്കേഷനിലുള്ളവരെ സാധാരണഗതിയില്‍ സര്‍ക്കാര്‍ മാറിയാലും കൂട്ടത്തോടെ മാറ്റാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."