'കൂടുതല്‍ നാള് ജീവിക്കണോ, ഉറച്ച മനസും സിമ്പിള്‍ ഭക്ഷണവും ആകണം'; പ്രണോയ് റോയിക്ക് വി.എസിന്റെ ഉപദേശം
തിരുവനന്തപുരം: എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ ഇടതുമുന്നണി അധികാരമുറപ്പിക്കും എന്ന വിശ്വാസത്തിലാണ് ദേശീയ മാധ്യമങ്ങള്‍. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി.എസ് അച്യുതാനന്ദനെ പരിഗണിക്കുന്നുവെന്ന സൂചനയുമായി പ്രണോയ് റോയി. മലമ്പുഴയില്‍ വച്ച് വി.എസുമായി നടത്തിയ അഭിമുഖത്തിനിടയില്‍ സംസാരിച്ച പ്രസക്ത ഭാഗങ്ങള്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു. മലമ്പുഴയില്‍ വി.എസിനെ കാണാന്‍ വന്നപ്പോള്‍ ഒപ്പം ഭാര്യ രാധികയും (വൃന്ദാകാരാട്ടിന്റെ ചേച്ചി)പ്രമുഖ പത്രപ്രവര്‍ത്തകനായ ശേഖര്ഗുപ്തയും ഉണ്ടായിരുന്നു.
'താങ്കള്‍ തൊണ്ണൂറ്റി രണ്ടാം വയസിലും ചുറുചുറുക്കോടെ ഊര്‍ജ്ജസ്വലനായി നടക്കുന്നു. ഞങ്ങളിപ്പോള്‍ പ്രായത്തിന്റെ അറുപതുകളിലാണ്. അങ്ങയുടെ പ്രായം വരെ എത്തുമോയെന്ന് അറിയില്ല. അങ്ങനെയാകണമെങ്കില്‍ ശ്രദ്ധിക്കേണ്ടത് എന്താണ്? അങ്ങയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്താണ്? പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് എന്‍.ഡി.ടി.വി യിലെ പ്രണോയ് റോയി ചോദിച്ച ചോദ്യമായിരുന്നു.
വി.എസിന്റെ മറുപടി ഇങ്ങനെയായിരുന്നു:
'ഉറച്ച മനസ്, സിമ്പിള്‍ ഫുഡ്, ഗുഡ് എക്സര്‍സൈസ്.'.
ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ ഏറ്റവും ജനാരാധ്യനായ വി.എസിന്റെ മറുപടി പ്രണോയ് റോയിയെയും അദ്ദേഹത്തിന്റെ ആരാധകനാക്കിയത്രെ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തെ ഒന്നര മാസം വി.എസ്. കേരളത്തിലുടനീളം. 3200 കിലോമീറ്ററാണ് യാത്ര ചെയ്തത്. ഹെലികോപ്ടര്‍ അദ്ദേഹം സ്വീകരിച്ചില്ല. 70 പൊതുയോഗങ്ങളിലടക്കം 150 ഓളം വേദികളില്‍ പ്രസംഗിച്ചു. ഒപ്പം സഞ്ചരിച്ചവര്ക്കുണ്ടായ ക്ഷീണം പോലും വി.എസിനില്ലായിരുന്നു. പതിവ് വ്യായാമങ്ങള്‍ മുടക്കിയില്ല. പ്രചാരണത്തിന്റെ അവസാന ദിവസം ജലദോഷം പിടിച്ചപ്പോള്‍ മൂന്നു നേരം ആവി പിടിച്ച് വി.എസ് അതിനെയും തോല്‍പ്പിച്ചുവെന്നും പ്രണോയ് റോയി കുറിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."