കാബൂളിലെ യു.എസ് വ്യോമതാവളത്തില്‍ സ്‌ഫോടനം: നാലു മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബെഗ്രാമിലുള്ള അമേരിക്കന്‍ വ്യോമതാവളത്തില്‍ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് താലിബാന്‍ പറഞ്ഞു.
പുലര്‍ച്ചെയാണ് ഭീകരന്‍ താവളത്തിനകത്തു കടന്നത്. സ്വയം പൊട്ടിത്തെറിച്ച ആളെ തിരിച്ചറിയാനായിട്ടില്ലെന്നും എന്നാല്‍ അഫ്ഗാന്‍ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഇവരിലൊരാളായിരിക്കാം സ്‌ഫോടനത്തിന് പിന്നിലെന്നുമാണ് അനുമാനം.
മുതിര്‍ന്ന സൈനികരെ ആദരിക്കല്‍ ചടങ്ങിനായി നിരവധിപേര്‍ വ്യോമതാവളത്തില്‍ ഒത്തുകൂടിയിരുന്നു. ഇതിനിടയിലായിരുന്നു സ്‌ഫോടനം.
രാജ്യത്തിന് പുറത്ത് അമേരിക്ക സ്ഥാപിച്ച ഏറ്റവുംവലിയ വ്യോമ താവളങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാനിലെ ബെഗ്രാം വ്യോമതാവളം. അഫ്ഗാനിസ്ഥാനില്‍ അതീവസുരക്ഷിതത്വമുള്ള മേഖലയിലെ വ്യോമതാവളത്തിനുള്ളിലുണ്ടായ സ്‌ഫോടനം യു.എസിനെ ഞെട്ടിച്ചു.
കാബൂളില്‍ നിന്നും വടക്കു ദിശയിലെ ബെഗ്രാമില്‍ അമേരിക്കന്‍ വ്യോമ താവളത്തിനുപുറമെ കഴിഞ്ഞ 14 വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയുടെ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നുണ്ട്.
ഉയരംകൂടിയ ചുറ്റുമതിലും സുരക്ഷാ കാമറകളും വാച്ച്ടവറുകളും ഒരുക്കിയിട്ടുള്ള ഇവിടെ സദാസമയവും നിരീക്ഷണ സംവിധാനവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."