കണ്ണൂരില്‍ കള്ളവോട്ട് കത്തും
എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: ജില്ലയില്‍ ഇക്കുറിയും തെരഞ്ഞെടുപ്പ് ഫലം എന്തായാലും കള്ളവോട്ട് ആരോപണം നിയമനടപടികളിലേക്കു കടക്കും. ധര്‍മടം നിയോജക മണ്ഡലത്തിലെ കള്ളവോട്ട് ദൃശ്യങ്ങള്‍ സഹിതം യു.ഡി.എഫ് പരാതി നല്‍കിയതോടെ കള്ളവോട്ട് കേസിന്റെ നിയമപോരാട്ടത്തിലേക്കു കൂടിയാണ് അതു വഴിതുറക്കുന്നത്. ധര്‍മടത്തിനു പുറമെ തലശ്ശേരി മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അബ്ദുല്ലക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിലെ ഏരുവേശ്ശിയിലും തളിപ്പറമ്പിലും കള്ളവോട്ടിനു കൂട്ടുനിന്നുവെന്ന പരാതിയില്‍ 12 പോളിങ് ഉദ്യോഗസ്ഥരെ കഴിഞ്ഞമാസം പൊലിസ് അറസ്റ്റുചെയ്തിരുന്നു. കുടിയാന്‍മല, തളിപ്പറമ്പ് പൊലിസാണ് ഇവരെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടയച്ചത്.
അതേസമയം ഇവരെ വകുപ്പുതല നടപടിയിലൂടെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്കു നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ലഭിച്ചെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പേ ധര്‍മടം മണ്ഡലത്തിലെ പിണറായിയില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള യു.ഡി.എഫിന്റെ പരാതി കള്ളവോട്ട് ചെയ്യുന്നവര്‍ക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചതോടെ ഇത്തവണ ജില്ലയിലെ കള്ളവോട്ടുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന കണക്കുകൂട്ടലിലാണു യു.ഡി.എഫ് നേതൃത്വം.
കണ്ണൂര്‍ ജില്ലയിലേക്കു മാത്രമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെ പതിവില്‍ നിന്നു വ്യത്യസ്തമായി അക്രമങ്ങളും കുറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."