മാറ്റിക്കിട്ടുന്നത് 2000; നോട്ടലച്ചില്‍ തഥൈവ
കോഴിക്കോട്: 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളിലും ഇന്നലെയും നീണ്ടവരി തന്നെയായിരുന്നു. ഒരാള്‍ക്ക് 4000 രൂപ മാത്രമാണ് ബാങ്കില്‍ നിന്ന് മാറ്റാന്‍ കഴിയുന്നത്. ഇത് നിലവിലെ ജങ്ങളുടെ ജീവിതസാഹചര്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 2000 രൂപയുടെ ഒറ്റ നോട്ട് കിട്ടുന്നവര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. യാത്രയ്‌ക്കോ ഹോട്ടലുകളെ ആശ്രയിക്കാനോ മറ്റു ചെറിയ ആവശ്യങ്ങള്‍ക്കോ ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.
പ്രശ്‌നം കൂടുതല്‍ ബാധിക്കുന്നത് ഇടത്തരം കുടുംബത്തെയും ദിവസക്കൂലിക്കാരെയുമാണ്. ബസുകളിലും റെയില്‍വേ സ്റ്റേഷനുളിലും 2000ത്തിന്റെ പുതിയ നോട്ട് നല്‍കിയാല്‍ ബാക്കി ലഭിക്കുന്നത് പഴയ നോട്ടുകളാണ്. മിക്കവര്‍ക്കും അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ബാക്കി തുക മടക്കി നല്‍കാനില്ലെന്ന് പറഞ്ഞാണ് പുതിയ 2000 നോട്ടുകള്‍ കച്ചവടക്കാരും മറ്റും എടുക്കാതിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെയും പ്രശ്‌നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതേസമയം നാലുദിവസം കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഇളവ് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചു.
500, 1000 രൂപ ലഭിക്കാനില്ലാത്തതിനാല്‍ വില്‍പ്പന നടക്കാതെ കച്ചവടക്കാര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ സമരവുമായി രംഗത്തെത്തിയത്. ഇതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നുറപ്പാണ്.
മുക്കം എസ്.ബി.ഐയ്ക്ക് മുന്നില്‍ പ്രതിഷേധം
മുക്കം: ഇന്നലെ വൈകിട്ട് നാലിന് ബാങ്ക് പൂട്ടിപ്പോകാനുള്ള മുക്കം എസ്.ബി.ഐ ജീവനക്കാരുടെ നീക്കം പ്രതിഷേധത്തിനിടയാക്കി. രാവിലെ മുതല്‍ വരിയില്‍ നില്‍ക്കുന്ന പലരും കാഷ് കൗണ്ടറിന് മുന്നിലെത്തിയപ്പോഴാണ് നാല് മണിയായെന്ന് പറഞ്ഞ് ജീവനക്കാര്‍ പോകാന്‍ തുടങ്ങിയത്. ഇതോടെ ഇടപാടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.
പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ മുക്കം പൊലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് വരിയില്‍ നിന്ന മുഴുവന്‍ ആളുകള്‍ക്കും ഇന്നത്തേക്കുള്ള ടോക്കണ്‍ നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ശനിയും ഞായറും പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്നും സമയം അറിയിച്ചിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."