നോട്ട് ദുരിതം: എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: മുന്നൊരുക്കങ്ങളില്ലാതെ 500, 1000 നോട്ടുകളുടെ പിന്‍വലിക്കല്‍ ഉത്തരവ് സാധാരണക്കാരെ ദുരിതത്തിലാക്കിയ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്‌ലി എന്നിവര്‍ക്കയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
വീട്ടമ്മമാര്‍, പ്രായമേറിയവര്‍, രാജ്യത്തെ വാണിജ്യത്തിന്റെ 45ശതമാനം വരുന്ന ചെറുകിട കച്ചവടക്കാര്‍, നിത്യവേതന തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, മത്സ്യ വിപണനക്കാര്‍ തുടങ്ങിയവരും മറ്റു സാധാരണ ജനങ്ങളും അവശ്യവസ്തുക്കളും സേവനങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലാണ്. ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് നോട്ട് പിന്‍വലിക്കല്‍ നടപടി കാരണം ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥയിലാണ്. കണ്ണൂര്‍, ഹരിപ്പാട്, കൊല്ലം എന്നിവിടങ്ങളിലായി മൂന്നു വിലപ്പെട്ട ജീവനുകളാണ് നോട്ടിനായുള്ള ഓട്ടത്തിനിടയില്‍ പൊലിഞ്ഞത്.
ഇങ്ങനെയൊരു പ്രഖ്യാപനത്തിന് മുന്നോടിയായി ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഡിജിറ്റല്‍ പെയ്‌മെന്റിനോ അല്ലെങ്കില്‍ മറ്റു സമാന്തര സംവിധാനങ്ങളോ ഒരുക്കിയിരുന്നെങ്കില്‍ പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാമായിരുന്നുവെന്നും എം.പി കത്തില്‍ സൂചിപ്പിച്ചു.
16ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കാനിരിക്കെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി സാധാരണക്കാരെ പ്രയാസപ്പെടുത്തുന്ന നടപടിയില്‍ എം.പി ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."