കുളച്ചല്‍ തുറമുഖം: തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: കുളച്ചല്‍ തുറമുഖവുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി യാതൊരു സംഘര്‍ഷത്തിനുമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ക്യാപ്റ്റന്‍ കെ.പി രാജന്‍ എഴുതിയ 'ജലപാതയും സുരക്ഷിത വാഹനങ്ങളും' പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുവന്നാലും വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കും. കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാന പദ്ധതിയായ വിഴിഞ്ഞത്തുനിന്ന് വെറും മുപ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിര്‍ദിഷ്ട കുളച്ചല്‍ തുറമുഖം പദ്ധതി. 250 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കൊച്ചി തുറമുഖമുള്ളപ്പോള്‍ എന്തിനാണ് വിഴിഞ്ഞം പദ്ധതിയെന്ന് ചോദിച്ചവര്‍ക്ക് കുളച്ചലിനെക്കുറിച്ച് യാതൊന്നും പറയാനില്ല.
കുളച്ചല്‍ വിഷയത്തില്‍ അയല്‍ സംസ്ഥാനവുമായി ഏറ്റുമുട്ടലിനില്ലെങ്കിലും കേരളത്തിന്റെ ആശങ്കകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളെയും കാര്യക്ഷമമാക്കാനും നവീകരിക്കാനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. ജലഗതാഗതം മാത്രമല്ല തീരമേഖലയുടെ അഭിവൃദ്ധിക്ക് വേണ്ട പദ്ധതികളും നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന്‍ പലേരി അധ്യക്ഷനായി. പിയാനോ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം എന്‍.കെ മുഹമ്മദ് ഏറ്റുവാങ്ങി.
ക്യാപ്റ്റന്‍ ഹരിദാസ്, പ്രദീപ് ഹുഡിനോ, ക്യാപ്റ്റന്‍ കെ.പി രാജന്‍, ഷിബു ടി. ജോസഫ്, മുജീബ് കൂര്‍മ്മത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."