അത്യപൂര്‍വമായ മരമഞ്ഞള്‍ വയനാട്ടില്‍ പുഷ്പിച്ചു
മാനന്തവാടി: കാലാവസ്ഥാ വ്യതിയാനം മൂലം നാശത്തിന്റെ വക്കിലുള്ള വയനാട്ടില്‍ അത്യപൂര്‍വമായ മരമഞ്ഞള്‍ വയനാട്ടില്‍ പുഷ്പിച്ചു. അപൂര്‍വമായി കണ്ടുവരുന്നതും ആദിവാസികള്‍ മരത്തി എന്നു വിളിക്കുന്ന മരമഞ്ഞളാണ് ജില്ലയില്‍ പൂത്തത്. ജൈവ വൈവിധ്യത്തിന്റെ കലവറയായ പേര്യ കുഞ്ഞോം ജീന്‍പൂള്‍ മേഖലയില്‍പ്പെട്ട ബോയ്‌സ് ടൗണിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചത്.
മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്ക് കീഴിലാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്. നിത്യഹരിത വനങ്ങളിലും ഈര്‍പ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലും മരമഞ്ഞള്‍ വളരും. ബ്രഹ്മഗിരി മലനിരകളില്‍പ്പെട്ട കൊട്ടിയൂര്‍ വനമേഖലയിലെ പാല്‍ ചുരത്തിന്റെ മേല്‍ത്തട്ടാണ് ബോയ്‌സ് ടൗണ്‍. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് മരമഞ്ഞള്‍ പ്രധാനമായും കണ്ടുവരുന്നത്.
ഇലകള്‍ വെറ്റിലയുടേതിന് സമാനമായ മരത്തെ ചുറ്റി വളരുന്ന വള്ളിപ്പടര്‍പ്പാണിത്. 25 വര്‍ഷം മുമ്പ് തിരുനെല്ലി കാടുകളില്‍ നിന്ന് ശേഖരിച്ച് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നട്ടുപിടിപ്പിച്ച മൂന്ന് ചെടികളാണ് ഇപ്പോള്‍ പുഷ്പ്പിച്ചിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ കായ്കള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാര്‍ഡനിലെ ബോട്ടണിസ്റ്റ് ബിജു പറഞ്ഞു. മഴക്കുറവും കലാവസ്ഥാ വ്യതിയാനവും മൂലം ആശങ്കയിലായ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വയനാട്ടില്‍ തൃക്കൈപ്പറ്റ മുക്കം കുന്നിലുള്ള വണ്ടര്‍കേവ്‌സ് എന്നറിയപ്പെടുന്ന കുന്നിനു മുകളില്‍ ഗുഹകള്‍ക്കിടയില്‍ മരമഞ്ഞള്‍ പ്രകൃതിദത്തമായി വളരുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ഇവ പുഷ്പ്പിക്കുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് സ്ഥലമുടമ അബ്രഹാം പറഞ്ഞു. പൂവും കായും ഇലകളും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കുമെങ്കിലും വള്ളിതണ്ടുകളാണ് കൂടുതലായും മരുന്നിന് ഉപയോഗിക്കുന്നത്.
കൊസീനിയം പെനസ്‌ട്രേറ്റം എന്നതാണ് ശാസ്ത്രീയ നാമം. ജൈവശസ്ത്രജ്ഞരും കാര്‍ഷിക മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരും വളരെ പ്രതീക്ഷയോടെയാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചതിനെ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."