ദുരിതമയമായി ചതിരൂര്‍ ആദിവാസി കോളനി
ഇരിട്ടി: ചതിരൂര്‍ 110 ആദിവാസി കോളനിയിലെ കുടിവെള്ളത്തില്‍ കൂടിയ അളവില്‍ ബാക്ടീരിയയെന്നു പരിശോധനാ റിപ്പോര്‍ട്ട്. ടാപ്പില്‍ നിന്നു വരുന്ന വെള്ളത്തില്‍ ഇരുമ്പും മാലിന്യവും ഇ-കോളി ബാക്ടീരിയ അടങ്ങിയതുമാണെന്ന് സ്ഥിരീകരിച്ചു. ഇരിട്ടി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസറാണ് കോളനിയിലെ കുളത്തിലെ വെള്ളവും ടാപ്പിലെ വെള്ളവും വാട്ടര്‍ അതോറിറ്റിയുടെ ലാബില്‍ പരിശോധനക്കയച്ചത്. കുളത്തിലെ വെള്ളത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ മാസം 15ന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന എ.ടി.എസ്.പി അവലോകന യോഗ തീരുമാനപ്രകാരമാണ് വെള്ളം പരിശോധനക്കയച്ചത്. 2014-15 വര്‍ഷം സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോളനിയില്‍ വിവിധ പദ്ദതികള്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ഐ.ടിക്കാണ് നിര്‍മാണ ചുമതല. എന്നാല്‍ സമയബന്ധിതമായി ഒരു പ്രവര്‍ത്തനവും ഇവിടെ പൂര്‍ത്തീകരിച്ചിട്ടില്ല. വിലകുറഞ്ഞ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചതാണ് കുടിവെള്ളത്തില്‍ ഇരുമ്പ് കലരാന്‍ കാരണം. പൈപ്പ് സ്ഥാപിക്കുമ്പോള്‍ തന്നെ ഇരുമ്പ് പൈപ്പ് സ്ഥാപിക്കരുതെന്ന് പറഞ്ഞിരുന്നെങ്കിലും ചെവിക്കൊണ്ടില്ലെന്നു കോളനിവാസികള്‍ പറയുന്നു. വെള്ളം കുടിക്കാറില്ലെങ്കിലും കുളിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം ദേഹം മുഴുവന്‍ ചൊറിച്ചിലാണെന്നും കുട്ടികള്‍ അകലെയുള്ള പുഴയിലെ വെള്ളത്തില്‍ കിടന്നാണു ആശ്വാസം തേടുന്നതെന്നും ഇവര്‍ പറയുന്നു.കുടിവെള്ളമില്ലാത്തതിനെത്തുടര്‍ന്ന് 32ല്‍ 20 വീട്ടുകാരും ആറളം ഫാമില്‍ ബന്ധുക്കളോടൊപ്പമാണ് താമസം. ബാക്കിയുള്ളവര്‍ കുന്നിന്‍ മുകളിലുള്ള അരുവിയില്‍ പൈപ്പിട്ടാണ് വെള്ളം എടുക്കുന്നത്. കൊടും വേനലിലും വറ്റാത്ത ശുദ്ധജലം ഉണ്ടെങ്കിലും അധികാരികളുടെ പിടിപ്പുകേടു മൂലം മലിനജലം കുടിക്കേണ്ടി വരുന്നതോടെ മാരക രോഗങ്ങള്‍ പിടിപെടുമെന്ന ഭീതിയിലാണ് ഇവര്‍. പനിയും മഞ്ഞപിത്തവും സന്ധിവേദനയും കിഡ്‌നി സംബന്ധമായ അസുഖവും ബാധിച്ച ഒട്ടേറെ പേരിവിടെയുണ്ട്. കൂടാതെ അപസ്മാരം പോലുള്ള രോഗം പിടിപ്പെട്ടവരും കോളനിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."