ഉറച്ച പാര്‍ട്ടിവോട്ടുകള്‍ പത്ത് ശതമാനം മാത്രം
ഡി.എസ് പ്രമോദ്
തിരുവനന്തപുരം: ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള സംസ്ഥാനമായി കേരളം വിലയിരുത്തപ്പെടുമ്പോഴും ഉറച്ച പാര്‍ട്ടി വോട്ടുകള്‍ 10.7ശതമാനം മാത്രമെന്ന് വിലയിരുത്തല്‍. കേരള സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗമാണ് പഠനം നടത്തിയത്.
മതനേതാക്കള്‍, കുടുംബനാഥന്‍, സുഹൃത്തുക്കള്‍ എന്നിവര്‍ മറ്റുള്ളവരുടെ വോട്ടിങില്‍ ചെലുത്തുന്ന സ്വാധീനം തീരെ കുറവാണ്. വോട്ട് ചെയ്യുന്നവരില്‍ 76.6 ശതമാനംപേര്‍ സമ്മതിദാനം രേഖപ്പെടുത്തുന്നത് തങ്ങളുടെ അവകാശമായി കണക്കാക്കുന്നവരാണ്. 53.9 ശതമാനം പേര്‍ വോട്ടവകാശം രേഖപ്പെടുത്തുന്നത് കടമയായി കണക്കാക്കുന്നു. 22 ശതമാനം പേര്‍ നല്ല സ്ഥാനാര്‍ഥിയാരെന്ന് നോക്കിയാണ് വോട്ടവകാശം വിനിയോഗിക്കുന്നത്.
വോട്ടവകാശം രേഖപ്പെടുത്തുന്നതില്‍ 17.8 ശതമാനം പേര്‍ മാത്രമേ തങ്ങളുടെ വോട്ട് കൊണ്ട് കാര്യങ്ങള്‍ മാറിമറിയുമെന്ന ചിന്തയുള്ളൂ.
പാര്‍ട്ടിനിലപാടില്‍ നിന്ന് വ്യതിചലിക്കാതെ വോട്ട് രേഖപ്പെടുത്തുന്നത് 10.7 ശതമാനം പേര്‍ മാത്രമാണ്. മറ്റ് പലരുടേയും നിര്‍ബന്ധത്തിന് വഴങ്ങി വോട്ട് ചെയ്യുന്നത് 1.6 ശതമാനം പേര്‍ മാത്രമാണ്. മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വോട്ടര്‍ പട്ടികയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കാംപയിനുകള്‍ ആവശ്യമാണെന്നും സര്‍വെ വിലയിരുത്തുന്നു. ബ്‌ളോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.
വോട്ടിങ് ശതമാനത്തിന്റെ തോതിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏറെക്കുറെ സമാനമായ അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."