പൊലിസിന് കമ്മിഷന്റെ 'ബിഗ് സല്യൂട്ട്'
ഫൈസല്‍ കോങ്ങാട്
പാലക്കാട്:സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോരമേഖലകളില്‍ ശക്തമായ പോളിങ് നടന്നതിനു പിന്നില്‍ സംസ്ഥാന പൊലിസിന്റെ ബോധവല്‍ക്കരണവും പിന്തുണയുമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. മലയോരമേഖലകളില്‍ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കെതിരേ ശക്തമായ പോസ്റ്റര്‍, ലഘുലേഖകള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളാണ് നടത്തിയിരുന്നത്.
ആദിവാസിമേഖലകള്‍ക്കു പുറമെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ബ്യൂറോകളിലും തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന്റെ ആവശ്യകത വിശദീകരിക്കുന്ന മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ആദിവാസി ഊരുകള്‍ക്ക് മുന്നിലും വനം വകുപ്പ് ഓഫിസുകള്‍ക്കു മുന്നിലുമാണ് പോസ്റ്ററുകള്‍ പതിച്ചിരുന്നത്.
എന്നാല്‍ നിര്‍ഭയമായി വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തിന് ശക്തിപകരാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാവണമെന്നുമുള്ള പൊലിസ് പ്രചാരണം ആദിവാസികള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവായാണ് ആദിവാസിമേഖലകളിലെ പോളിങ് ശതമാനത്തിലെ വര്‍ധനയെ കമ്മിഷന്‍ വിലയിരുത്തുന്നത്.
വയനാട്ടിലെ മാനന്തവാടി, കണ്ണൂരിലെ കണ്ണവം, നിലമ്പൂരിലെ പൂക്കോട്ടുംപാടം, പാലക്കാട്ട് അട്ടപ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകള്‍. ഈ പ്രദേശങ്ങളില്‍ മാസങ്ങള്‍ക്കു മുന്‍പേ തന്നെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകളുടെ വിതരണവും നടന്നിരുന്നു.
മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് ദിനത്തിന്റെ രണ്ടുനാള്‍ മുന്‍പുവരെ ഊരുകളില്‍ മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമായിരുന്നു ഇതിലെ പ്രധാന വിഷയം.
എന്നാല്‍ അതെല്ലാം പാടെ അവഗണിച്ചാണ് ആദിവാസിമേഖലകളില്‍ നിന്നുള്ളവര്‍ സംഘടിതരായി വോട്ടുചെയ്യാനെത്തിയത്. നിലമ്പൂരിലും അട്ടപ്പാടിയിലും ചില ഊരുകളില്‍നിന്നുള്ളവര്‍ കിലോമീറ്ററുകള്‍ നടന്നാണ് വോട്ട് ചെയ്യാനെത്തിയത്. ഇവിടങ്ങളിലെല്ലാം മാവോയിസ്റ്റ് ഭീഷണിനേരിടുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് പൊലിസ് ഒരുക്കിയത്.
കേരളപൊലിസിനു പുറമെ പ്രത്യേക പരിശീലനം ലഭിച്ച ബ്ലാക്തണ്ടര്‍ കമാന്റോസ്, കേന്ദ്രസേന എന്നിവയുള്‍പ്പെടെ പഴുതടച്ച സുരക്ഷയാണ് വോട്ടിങ് ശതമാനം കൂട്ടാന്‍ ഇടയാക്കിയത്.
ആദിവാസിമേഖലകളില്‍ സുരക്ഷാനടപടികളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനൊപ്പം ഊരുകളില്‍ പുറത്തുനിന്നും ആരെല്ലാം ബന്ധപ്പെടുന്നു, എന്തെല്ലാം നടക്കുന്നു എന്ന കര്‍ശനമായ നിരീക്ഷണവും സുരക്ഷാ ചുമതലയുള്ള പൊലിസ് നടത്തിയിരുന്നു.
ഇതിനിടെ ഒറ്റപ്പെട്ട ഊരുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് ദിനം കടന്നുപോയി.
ഭയന്നിരുന്നത് പോലെ മാവോയിസ്റ്റുകള്‍ക്ക് ഇപ്പോഴും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ ഒരു സ്വാധീനവും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് ഈ മേഖലകളിലെ വോട്ടിങ് ശതമാനത്തിലെ വര്‍ധന. പ്രത്യേക പരിശീലനം ലഭിച്ച നാല് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ആദിവാസിമേഖലകളില്‍ പൊലിസ് സുരക്ഷയൊരുക്കിയിരുന്നത്. ഈ ഡി.വൈ.എസ്.പിമാര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രശംസ ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."