സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു; ദുരിതത്തിലായി തീരദേശ നിവാസികള്‍
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: കാലവര്‍ഷം പെയ്തിറങ്ങും മുന്‍പേ കലിതുള്ളിയെത്തിയ കടല്‍ സമ്പാദ്യങ്ങള്‍ കവര്‍ന്നു തുടങ്ങിയതോടെ തീരദേശം നിസംഗതയുടെയും ഭീതിയുടെയും നിഴലില്‍. വേനല്‍ മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായി ഉണ്ടായ കടല്‍ക്ഷോഭത്തില്‍ ഞെട്ടിവിറയ്ക്കുകയാണ് തീരദേശം. ശക്തമായ വേലിയേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ പുലി മുട്ടുകള്‍ക്കുമായില്ല. അലറിയടുക്കുന്ന തിരമാലകള്‍ ഒരായുസിന്റെ കഷ്്ടപ്പാടില്‍ കെട്ടിയുയര്‍ത്തിയ വീടും സമ്പാദ്യങ്ങളുമെല്ലാം കവര്‍ന്നെടുക്കുന്നത് നിറമിഴികളോടെ കണ്ടു നില്‍ക്കാനേ തീരദേശവാസികള്‍ക്ക് കഴിയുന്നുള്ളൂ.
കടലില്‍ വലയെറിഞ്ഞു സമ്പാദിച്ചതെല്ലാം കടല്‍ തന്നെ കവര്‍ന്നെടുത്തതോടെ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് തീരദേശം. ആലപ്പുഴ ജില്ലയുടെ തീരങ്ങളില്‍ കടല്‍ഭിത്തി നിര്‍മിച്ചിടത്തും ഇല്ലാത്തിടത്തും ഒരു പോലെയാണ് കടലാക്രമണത്തിന്റെ രൂക്ഷത അനുഭവപ്പെടുന്നത്. ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ, വലിയഴീക്കല്‍, അമ്പലപ്പുഴ, തുമ്പോളി, അര്‍ത്തുങ്കല്‍, ചേര്‍ത്തല തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് നേരിടേണ്ടി വന്നത്. റവന്യൂ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 16 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 34 വീടുകള്‍ ഏതു നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. എന്നാല്‍ 50 ലേറെ വീടുകള്‍ ഇതിനകം തന്നെ കടലെടുത്തെന്ന് തീരദേശവാസികള്‍ പറയുന്നു. 200 ലേറെ വീടുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലുമാണ്.
സുനാമി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളാണ് കടലെടുക്കുന്നവയില്‍ ഏറെയും. അശാസ്ത്രീയമായ പുലിമുട്ടുകളുടെ നിര്‍മാണത്തിന് ശേഷമാണ് കടലാക്രമണം രൂക്ഷമാക്കിയതെന്ന് തീരദേശവാസികള്‍ പറയുന്നു. കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 200 ലേറെ കുടുംബങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് താമസം മാറി ത്തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലെ ദുരിതം അറിയാവുന്ന ഒട്ടേറെ പേര്‍ ബന്ധു വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും കാര്യക്ഷമമായി തീരദേശവാസികള്‍ക്ക് ലഭ്യമായിട്ടില്ല. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിന്നാലെയായതോടെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലായി തീരദേശവാസികളുടെ സ്ഥിതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എം.എല്‍.എമാരായ ജി. സുധാകരന്‍, ഡോ. ടി.എം തോമസ് ഐസക് ഉള്‍െപ്പടെ ജനപ്രതിനിധികള്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയെങ്കിലും സര്‍ക്കാര്‍വക ധനസഹായം ലഭ്യമാക്കുന്നതില്‍ നിസഹായരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."