സംസ്ഥാന സ്‌പെഷ്യല്‍ കലോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം
ആലപ്പുഴ: പത്തൊന്‍പതാമത് സംസ്ഥാന സ്‌പെഷ്യല്‍ കലോല്‍സവത്തില്‍ കാസര്‍ഗോഡ് ചേര്‍ക്കാല മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്നില്‍. ഇരുപത് പോയിന്റുകളാണ് മാര്‍ത്തോമ്മ സ്‌കൂള്‍ നേടിയിട്ടുളളത്.
കാലിക്കറ്റ് എച്ച് എസ് എസും പാലക്കാട് വെസ്റ്റ് യാക്കര സ്‌കൂളും ഇരുപത് പോയിന്റുകള്‍ നേടി ഒപ്പമുണ്ട്. സ്പീച്ച് ആന്റ് ഹിയറിംഗ് വിഭാഗത്തില്‍ വയനാട് സെന്റ് റെസ്സല്‍സും ഒന്നാം സ്ഥാനത്ത് തുടരുന്നു. പതിനെട്ട് പോയിന്റുകളോടെ കണ്ണൂര്‍ ഡോണ്‍ ബോസ്‌ക്കോയും പതിനഞ്ച് പോയിന്റുകളോടെ കണ്ണൂര്‍ ചാവറ നിവാസ് സ്‌പെഷ്യല്‍ സ്‌കൂളും പോരാട്ടം തുടരുന്നു. ഇന്നലെ ആരംഭിച്ച മല്‍സരങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എ എം ആരിഫ് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു.
രാവിലെ ഒന്‍പതിന് ഇ എം എസ് സ്റ്റേഡിയത്തില്‍നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു.ഏഴ് വേദികളിലായി 95 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. മേളയില്‍ 2500 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.കടുത്ത സാമ്പത്തിക നിയന്ത്രണം മേളയെ കാര്യമായി ബധിച്ചെങ്കിലും സംഘാടകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് മേളയുടെ മാറ്റ് നിലനിര്‍ത്താന്‍ സഹായകമായി. മേളയുടെ ചെലവിനുളള തുക സര്‍ക്കാര്‍ നേരത്തെ തന്നെ എത്തിച്ചെങ്കിലും നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സംഘാടകരെ അങ്കലാപ്പിലാക്കി.
ഏറെ വീറും വാശിയും നിറഞ്ഞ മല്‍സരങ്ങളില്‍ താരങ്ങള്‍ ആവശത്തോടെയാണ് പങ്കെടുക്കുന്നത്. ഭിന്നശേഷിയെ മുഖവിലയ്‌ക്കെടുക്കാതെയുളള മല്‍സര വീര്യം ശേഷിയുളളവരുടെ കലോല്‍സവത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വിവിധ കലാ- കായിക മല്‍സരങ്ങളുടെ തുടക്ക മല്‍സരമെന്ന നിലയിലാണ് സ്‌പെഷ്യല്‍ കലോല്‍സവം ആരംഭിക്കുന്നത്. മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന മല്‍സരങ്ങള്‍ 14 ന് അവസാനിക്കും.
മത്സര വിഭാഗം, ഇനം, വിജയികള്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ എന്ന ക്രമത്തില്‍
ആലപ്പുഴ: മെന്റലി ചലഞ്ച്ഡ്-ലളിതഗാനം
പ്രീതമോള്‍ വി പി (പോപ്പ് ജോണ്‍പോള്‍ പീസ് ഹോം, പെരിങ്ങണ്ടൂര്‍),ഹേമന്ത് ഗിരീഷ്(ആശാകിരണ്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, ദേവഗിരി), ജാന്‍സി ജോണ്‍(എം ജി എം ബഥനി ശാന്തിഭവന്‍).
ഹിയറിംഗ് ഇംപയേര്‍ഡ്, എഛ് എസ് എസ്, വി എഛ് എസ് എസ്-മോണോ ആക്ട്(ആണ്‍കുട്ടികള്‍)
ശ്രീരാഗ് കെ ജെ(മാര്‍ത്തോമ്മാ എഛ് എസ് എസ് ഫോര്‍ ദി ഡെഫ്, ചെര്‍ക്കള), വിശ്വതേജസ് പി എ(വെസ്റ്റ് യാക്കര ശ്രവണ സംസാര സ്‌കൂള്‍), സജീര്‍ ഐ(സി എസ് ഐ വി എഛ് എസ് എസ് ഫോര്‍ ദ ഡെഫ്, തിരുവല്ല).
ഹിയറിംഗ് ഇംപയേര്‍ഡ്, എഛ് എസ് എസ്, വി എഛ് എസ് എസ്-മോണോ ആക്ട്(പെണ്‍കുട്ടികള്‍).
ഖദീജത്തുല്‍ കുബ്‌റ ഹംസ മുഹയിദ്ദീന്‍(മാര്‍ത്തോമ്മ എഛ് എസ് എസ് ഫോര്‍ ദ് ഡെഫ്, ചെര്‍ക്കള), മഞ്ജു എം എം(വെസ്റ്റ് യാക്കര ശ്രവണ സംസാര സ്‌കൂള്‍), റിയാ ബിനോയ്(സെന്റ് റോസലോസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ്)
ഹിയറിംഗ് ഇംപയേര്‍ഡ്, അഞ്ച് മുതല്‍ പത്ത് വരെ- മലയാള പദ്യപാരായണം
കാജല്‍ പി വി(ചാവറ നിവാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ദി ഡെഫ് ആന്റ് ഡംപ്, ഇരിട്ടി), യദുകൃഷ്ണന്‍ എം ആര്‍(അസിസ്സി സ്‌കൂള്‍ ഫോര്‍ ഡഫ്, പാടച്ചോട്), അനുപമ കെ(മാര്‍ത്തോമ്മ എഛ് എസ് എസ് ഫോര്‍ ദ ഡഫ്, ചെര്‍ക്കള).
മെന്റലി ചലഞ്ചഡ്- മോഹിനിയാട്ടം
ആതിരസോമന്‍(നിര്‍മല സദന്‍), അനഘ ഷണ്മുഖന്‍(സെന്റ് തെരേസാസ് ജി എഛ് എസ്, ബ്രഹ്മകുളം), സംഗീത എസ് കെ(ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍).
ആലപ്പുഴയിലും ആതിരയുടെ തിളക്കമാര്‍ന്ന പ്രകടനം
ആലപ്പുഴ:പതിവുതെറ്റാതെ ഇത്തവണയും സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആതിരയുടെ മിന്നുന്ന പ്രകടനം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കലോത്സവവേദിയിലുള്ള എറണാകുളത്തിന്റെ ഈ കലാകാരി ഇക്കുറിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നാടോടിനൃത്തം,മോഹിനിയാട്ടം,സംഘനൃത്തം,സംഘഗാനം എന്നീയിനങ്ങളില്‍ ആതിരയും സംഘവുമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.എറണാകുളം വാളകം നിര്‍മ്മല സദനം സ്‌കൂളില്‍ കലയോടൊപ്പം കായികരംഗത്തും ശ്രദ്ധേയമായ പ്രകടനമാണ് ആതിര സോമന്‍(19) കാഴ്ചവയ്ക്കുന്നത്.ചെന്നൈയില്‍ വച്ചുനടന്ന സ്‌പെഷ്യല്‍ ഒളിംബിക്‌സില്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ കേരളത്തിന്റെ താരമായി ടീമില്‍ ഈ താരം മിന്നിയിരുന്നു. മത്സരത്തില്‍ ആതിരസോമന്‍ നയിച്ച കേരളാ ടീം സ്വര്‍ണത്തില്‍ മുത്തമിട്ടിരുന്നു.
നോട്ടിന് കെട്ടുവീണപ്പോള്‍ ഭിന്നശേഷിക്കാരുടെ കലോല്‍സവവും അവതാളത്തിലായി
ഷാജഹാന്‍ കെ ബാവ
ആലപ്പുഴ : കറന്‍സി പിന്‍വലിക്കലില്‍ ഭിന്നശേഷിക്കാരുടെ കലോല്‍സവവും അവതാളത്തിലായി. സംസ്ഥാന സ്‌പെഷ്യല്‍ കലോല്‍സവമാണ് നോട്ടു പിന്‍വലിക്കലില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. കലോല്‍സവ നടത്തിപ്പിനായി ഒന്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും തുക മാറ്റിയെടുക്കാന്‍ കഴിയാതെ സംഘാടകര്‍ നെട്ടോട്ടമോടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പി.ആര്‍.ഒ നേരിട്ടെത്തി ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതി വര്‍ദ്ധിച്ചതോടെ സംഘാടകര്‍ കടം വാങ്ങി മാനം കാത്തു. മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികള്‍ക്ക് പണം മാറ്റി കിട്ടാതായതോടെ വലഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ച 9 ലക്ഷം രൂപ വളരെ നേരത്തെ തന്നെ ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ പണം വിവിധ കമ്മിറ്റികളുടെ ആവശ്യത്തിലേക്ക് മാറിയെടുക്കാന്‍ ചെക്കും നല്‍കി. സംഘാടകര്‍ ചെക്കുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ മാറി നല്‍കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. പണം ലഭിക്കാതെ ഏറ്റവും അധികം ദുരിതം പേറിയത് ഫുഡ് കമ്മിറ്റിയാണ്. നാലര ലക്ഷം രൂപ ആവശ്യമായ കമ്മിറ്റിക്ക് ഇത്രയും തുകയ്ക്കുളള ചെക്ക് വിദ്യഭ്യാസ ഉപഡയറക്ടര്‍ നേരത്തെ നല്‍കിയിരുന്നു. സാമ്പത്തിക നിയന്ത്രണം വന്നതോടെ നാലായിരം രൂപയിലധികം തുക മാറിയെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതാണ് മേളയ്ക്കും കെട്ടുവീണത്. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കുശേഷം ചെറിയ തുക എഴുതി ചെക്കുകള്‍ നല്‍കിയാല്‍ മാറ്റി നല്‍കാമെന്ന് ബാങ്ക് അറിയിച്ചെങ്കിലും നാല്‍പതോളം ചെക്കുകള്‍ വകുപ്പിന്റെ കൈവശമില്ലായിരുന്നു. പിന്നീട് കടം വാങ്ങിയ പണം ഉപയോഗിച്ച് മേള നടത്തേണ്ട ഗതികേടിലായി സംഘാടകര്‍. ഇതിനിടെ വിജയികള്‍ക്ക് നല്‍കേണ്ട ക്യാഷ് പ്രൈസ് പത്തു രൂപയുടെ നാണയ തുട്ടുകളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഡി.പി.ഐയില്‍ നിന്നുമെത്തിയ രണ്ടു ചാക്ക് നാണയ തുട്ടുകളാണ് മല്‍സരവേദിയിലെത്തിയത്. പണം കിറ്റുകളിലാക്കുന്ന ജോലിയും അധ്യാപകര്‍ ചെയ്തു വരികയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുളളവര്‍ വേദിയിലും നടത്തിപ്പിനുമായുണ്ടെങ്കിലും സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കടം വാങ്ങേണ്ടി വന്നുവെന്നതാണ് ഏറെ ഖേദകരം. തല്‍സ്ഥിതി തുടര്‍ന്നാല്‍ മേള സമാപിച്ചാലും പണം മാറിയെടുക്കാന്‍ കഴിയില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.
വിസ്മയത്തോടെ താരങ്ങള്‍
ആലപ്പുഴ: സംസ്ഥാന സ്‌പെഷ്യല്‍ കലോല്‍സവ വേദിയായ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലേക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കടന്നുവന്നത് പ്രതിഭകള്‍ക്ക് ആഹ്ലാദത്തോടൊപ്പം ഏറെ ആവേശവുമായി.
ഉദ്ഘാടന സമ്മേളനവേദിയില്‍ അധ്യക്ഷസ്ഥാനം വഹിക്കേണ്ട മന്ത്രിക്ക് സമയത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. ജില്ലയുടെ വരള്‍ച്ച ബാധിത പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുളള ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് മന്ത്രി എത്താതിരുന്നത്.
പിന്നീട് ഉച്ചയോടെ മന്ത്രി പ്രധാനവേദിയിലേക്ക് കടന്നുവന്നു. മല്‍സരങ്ങള്‍ കാണുകയും കുട്ടികളോട് കുശലാന്വേഷണ നടത്തിയതും ഏറെ കൗതുകത്തോടെയാണ് ഭിന്നശേഷിക്കാരായ പ്രതിഭകള്‍ നോക്കികണ്ടത്. പിന്നീട് താരങ്ങളോടൊപ്പം ഫോട്ടോ എടുക്കാനും മന്ത്രി സമയം കണ്ടെത്തി.മന്ത്രിയെത്തിയതോടെ സംഘാടകരും ഉണര്‍വിലായി.
നേരത്തെ പണം മാറ്റിയെടുക്കാന്‍ കഴിയാതെ സംഘാടകര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് മന്ത്രിയെത്തിയത്. ഒരുമണിക്കൂറോളം വേദിയില്‍ തങ്ങിയ മന്ത്രി പിന്നീട് മറ്റ് പരിപാടികള്‍ക്കായി പുറപ്പെട്ടു.
കവിതാസ്‌നേഹത്തില്‍ അത്ഭുതംകൂറി രാജീവ് ആലുങ്കല്‍
ആലപ്പുഴ : സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കവിതാപാരായണ മത്സരത്തില്‍ പങ്കെടുത്തവര്‍ മികച്ച നിലവാരം പുലര്‍ത്തിയതായി കവിയും ഗാനരചിയിതാവുമായ രാജീവ് ആലുങ്കല്‍ പറഞ്ഞു. 50 ല്‍ ഏറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത വേദിയില്‍ എല്ലാവരും മികച്ച ആലാപനശൈലിയും കൂടുതല്‍ ഭാഷാവ്യക്തതയും പ്രകടിപ്പിച്ചതിലൂടെ മത്സരം ശ്രദ്ധേയമായെന്നും രാജീവ് പറഞ്ഞു.
സി.എം.എസ് എല്‍.പി സ്‌കൂള്‍ വേദിയില്‍ നടന്ന കവിതാപാരയണം ആസ്വദിക്കാന്‍ നിറഞ്ഞുകവിഞ്ഞ സദസായിരുന്നു. ഈ വിഭാഗത്തിലെ മത്സരാര്‍ത്ഥികളുടെ ഉയര്‍ന്ന കഴിവിനെകുറിച്ചുള്ള അഭിനന്ദനം സംഘാടകരെ അറിയിക്കാനും രാജീവ് ആലുങ്കല്‍ മറന്നില്ല.
മോണോ ആക്ടില്‍ ഹാട്രിക്ക് തികച്ച് ശ്രീരാജ്; ഇക്കുറി വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്കം വിഷയമായി
ആലപ്പുഴ : മോണോ ആക്ടില്‍ ഒന്നാമതെത്തിയ ശ്രീരാജിന് വിജയം പുത്തരിയല്ല. കഴിഞ്ഞ രണ്ടുകൊല്ലമായി ശ്രീരാജ് ഈ വിഭാഗത്തില്‍ വിജയിയാണ്. കാസര്‍ഗോഡ് ജില്ലയിലെ മാര്‍ത്തോമ്മ എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് ശ്രീരാജ്.
വിശ്വവിഖ്യാത സാഹിത്യക്കാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്കം എന്ന നോവലിലെ മുഖ്യ കഥാപാത്രത്തെ അനുകരിച്ചാണ് ശ്രീരാജ് വിജത്തിലേക്ക് നീങ്ങിയത്.
സമൂഹത്തില്‍ തിരസ്‌ക്കരിക്കപ്പെട്ട ഒരു അനാഥന്‍ ഏകയായി ജീവിക്കുന്ന ഒരു സ്ത്രീക്ക് അഭയം നല്‍കി ഒരുമിച്ച് ജീവിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജന്മനാ ശ്രവണ വൈകല്യമുളള ശ്രീരാജ് വേദിയെ കൈയിലെടുത്തത്. കൂലിപണിക്കാരായ കമലാക്ഷന്‍ മീനാക്ഷി ദമ്പതികളുടെ മകനാണ് ശ്രീരാജ്.
പതിറ്റാണ്ടിന്റെ
ഇടവേളയ്ക്കുശേഷവും സാരഥിയായി സജി സജീവം തന്നെ
ആലപ്പുഴ :ഇക്കുറിയും മത്സരാര്‍ത്ഥികളുടെ സാരഥിയായ വി.ജെ.സജി വേദിക്കരുകില്‍ സജീവം തന്നെ.
ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ആലപ്പുഴയില്‍ നടക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഗതാഗതസൗകര്യം ഒരുക്കുന്നതില്‍ മുന്നില്‍തന്നെയാണ് ഈ സ്‌കൂള്‍ ബസ് ഡ്രൈവര്‍.പത്തുവര്‍ഷം മുന്‍പ് ആലപ്പുഴ എസ്.ഡി.വി സ്‌കൂള്‍ കേന്ദ്രീകരിച്ച് സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവം നടന്നപ്പോഴും ഇന്നത്തെ ഈ നാല്‍പ്പത്തിയഞ്ചുകാരന്‍ പ്രതിബദ്ധതയോടെ മത്സരാര്‍ത്ഥികള്‍ക്ക് സഹായിയായി ആലപ്പുഴയില്‍ നിറഞ്ഞുനിന്നിരുന്നു.ഇത്തവണത്തെ കലോത്സവത്തിനായി ആദ്യം ആലപ്പുഴയിലെത്തിയ കണ്ണൂര്‍ ജില്ലയിലെ സംഘത്തെ അടക്കം കൃത്യമായി എത്തിക്കേണ്ട ഇടങ്ങളില്‍ലേക്ക് നയിച്ചത് സജിയായിരുന്നു.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളേയും ഇവരോടൊപ്പമുള്ളവര്‍ക്കും സഹായിയായി ആലപ്പുഴ സെന്റ് ആന്റണിസ് സ്‌കൂളിലെ ഡ്രൈവറായ സജി വരുന്ന രണ്ടുദിനരാത്രങ്ങളില്‍ നഗരത്തിലെ വേദിക്കരുകില്‍ ജാഗ്രതയാടെ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."