കരിപ്പൂര്‍: സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ഡി.ജി.സി.എ സംഘം ഇന്ന് മടങ്ങും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉന്നത തല സംഘം ഇന്ന് മടങ്ങും. ഡല്‍ഹിയില്‍ നിന്ന് പരിശോധനക്കായി ഡി.ജി.സി.എ ഡെപ്യൂട്ടി ഡയരക്ടര്‍മാരായ സുവൃത സച്ചേന, ദ്വരൈ രാജ് എന്നിവരാണ് കരിപ്പൂരിലെത്തിയിട്ടുള്ളത്.
പരിശോധന ഇന്ന് പൂര്‍ത്തിയാവുന്നതോടെ സംഘം മടങ്ങും. വിമാനത്താവള സുരക്ഷാ പരിശോധനയാണ് ഇവര്‍ നേരിട്ട് വീക്ഷിക്കുന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. പരിശോധനയുടെ ഭാഗമായി തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ വിമാനത്താവളത്തിന് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്ന എയര്‍ ട്രാഫിക് കണ്ട്രോളിന്റെ പ്രവര്‍ത്തനങ്ങള്‍, വിമാനങ്ങളുടെ സുരക്ഷിത ലാന്റിങ്ങിനെ സഹായിക്കുന്ന ഐ.എല്‍.എസ് പ്രവൃത്തനം എന്നിവയുടെ പരിശോധന ഇന്നലെ പൂര്‍ത്തിയായി. അറ്റകുറ്റപ്പണിയെ തുടര്‍ന്ന് റണ്‍വേയുടെ 400 മീറ്റര്‍ ഭാഗം ഉപയോഗിക്കാനാകാത്തതിനാല്‍ പടിഞ്ഞാറ് ഭാഗത്തുള്ള ഐ.എല്‍.എസ് താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു.
ഇത് പിന്നീട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്ക് ഭാഗത്ത് പുതിയ ഐ.എല്‍.എസ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. മഴക്കാലത്തും മഞ്ഞുകാലത്തും വിമാന പൈലറ്റിന് റണ്‍വേയുടെ നേര്‍രേഖ കാണിക്കുന്നത് ഐ.എല്‍.എസ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."