പ്രതിനിധികള്‍ പകുതിയായി കുറഞ്ഞു: ബെഫി സമ്മേളനത്തിന് പകിട്ടു മങ്ങി
തൊടുപുഴ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാനസമ്മേളനത്തിന് പകിട്ടുകുറഞ്ഞു. ഇപ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയാണ് സമ്മേളനത്തെ പ്രതികൂലമായി ബാധിച്ചത്. ഇന്നലെയം ഇന്നും ബാങ്കുകള്‍ തുറക്കണമെന്നും ജീവനക്കാര്‍ അടിയന്തിര സാഹചര്യത്തില്‍ ഒഴികെ അവധിയെടുക്കരുതെന്നും നിര്‍ദ്ദേശമുള്ളതിനാല്‍ നിശ്ചയിച്ച പ്രതിനിധികള്‍ക്കുപോലും സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. പൊതുമേഖല-സ്വകാര്യ-നവസ്വകാര്യ ബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍, നബാര്‍ഡ്, റിസര്‍വ് ബാങ്ക്, ജില്ലാ സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക്, സംസ്ഥാന കാര്‍ഷിക വികസനബാങ്ക് എന്നിവിടങ്ങളില്‍ നിന്നായി 550 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
എന്നാല്‍ 300 ഓളം പ്രതിനിധികള്‍ മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സമ്മേളനത്തിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. പ്രതിനിധികള്‍ക്കായി തൊടുപുഴയിലെ ഏതാണ്ട് എല്ലാ ലോഡ്ജുകളിലും മുറികള്‍ ബുക്ക് ചെയ്തിരുന്നു. രണ്ടാം ശനി, ഞായര്‍ അവധി ദിവസങ്ങള്‍ പരിഗണിച്ചാണ് സമ്മേളനം തീരുമാനിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയായിരുന്നു. സമ്മേളനം നടക്കുന്ന വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഉദ്ഘാടന സമ്മേളനത്തില്‍ സദസിലെ കുറവ് നികത്തിയത്.
ഒരു ജില്ലാ ആശുപത്രി കൂടി
പരിഗണനയില്‍: മന്ത്രി ശൈലജ
തൊടുപുഴ: ജില്ലയില്‍ തൊടുപുഴയ്ക്ക് പുറമെ രണ്ടാമതൊരു ജില്ലാ ആശുപത്രികൂടി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇടുക്കിയുടെ ഭൂമിശാസ്ത്രപ്രശ്‌നങ്ങളും പിന്നോക്കാവസ്ഥയും പരിഗണിച്ചാണിത്. നെടുങ്കണ്ടമാണ് ഇതിനായി പരിഗണിക്കുന്നത്. തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ പ്രാധാന്യം ഒട്ടും കറയാതെയായിരിക്കും രണ്ടാമത്തെ ആശുപത്രി നിര്‍മിക്കുകയെന്നും തൊടുപുഴയില്‍ ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ശിലയിട്ടശേഷം മന്ത്രി പറഞ്ഞു.
തൊടുപുഴ ആശുപത്രിയുടെ പഴയ മന്ദിരം നിലനിര്‍ത്തി അതിനോട് ചേര്‍ന്ന് നേരത്തെ മോര്‍ച്ചറി പ്രവര്‍ത്തിച്ചിരുന്ന ഭാഗം ഉള്‍പ്പെടുത്തിയാണ്് 15 കോടി രൂപ ചെലവിട്ട് പുതിയ എട്ടുനില മന്ദിരം നിര്‍മിക്കുന്നത്.
4074 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ബ്ലോക്കില്‍ അത്യാഹിതവിഭാഗം, ട്രോമാ കെയര്‍ സെന്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, 110 കിടക്കകളുള്ള വാര്‍ഡുകള്‍, ഗൈനക്കോളജി വിഭാഗം, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കും. വാഹനപാര്‍ക്കിങ്ങിനുള്ള സൗകര്യത്തിനുപുറമെ ഇലക്ട്രിക്കല്‍ ജോലികള്‍, ഉലക്‌ട്രോണിക്‌സ് ജോലികള്‍ എന്നിവയ്ക്കുള്ള ഇടവും ലിഫ്റ്റ്, സോളാര്‍ എനര്‍ജി സിസ്റ്റം, ജനറേറ്റര്‍ എന്നിവയ്ക്കുള്ള സൗകര്യവും ക്രമീകരിക്കും.
ആശുപത്രിവളപ്പില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വജ്രജൂബിലി ഉദ്ഘാടനവും പുതിയ മന്ദിരത്തിന്റെ ശിലസ്ഥാപനവും നിര്‍വഹിച്ചു. പി ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ എം ടി ഷാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രിയിലെ സ്വീവേജ് പ്ലാന്റ് നിര്‍മിക്കുന്നതിന് ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി പി ജെ ജോസഫ് പറഞ്ഞു. നിര്‍മാണപൂര്‍ത്തീകരണത്തിന് 30 മാസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷംകൊണ്ട് ജോലി പൂര്‍ത്തീകരിക്കുമെന്ന് കോണ്‍ട്രാക്ടര്‍ രമേഷ് ബാബുവും അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, എം ജെ ജേക്കബ്, ഹാരിസ് മുഹമ്മദ്, പി എ ഷാഹുല്‍ ഹമീദ്, മനോഹര്‍ നടുവിലേടത്ത്, കെ സലീംകുമാര്‍, രാജന്‍ താഴത്തൊട്ടിയില്‍, അഡ്വ ഷാജി തെങ്ങുംപിള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. എം ആര്‍ ഉമാദേവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."