കാസ്‌ക് വോളി 2016 ന് ഇന്ന് തുടക്കമാകും
തൊടുപുഴ: കാരിക്കോട് കാസ്‌ക് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന കാസ്‌ക് വോളി ഇന്നു മുതല്‍ 20 വരെ കാരിക്കോട് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ മത്സസരം ഉദ്ഘാടനം ചെയ്യും. കാസ്‌ക് പ്രസിഡന്റ് എ എസ് ജാഫര്‍ഖാന്‍ അധ്യക്ഷനാകും. പ്രമുഖ താരനിര അണിനിരക്കുന്ന 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാന നേടുന്നവര്‍ക്ക് കെ എസ് പി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 25001 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. 20ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തൊടുപുഴയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയ പൊലിസുദ്യോഗസ്ഥരെയും മുന്‍കാല വോളീബോള്‍ താരങ്ങളെയും ഉദ്ഘാടന സമ്മേളനത്തില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കാസ്‌ക് പ്രസിഡന്റ് എ എസ് ജാഫര്‍ഖാന്‍, കെ.എ സിനാജ്, ഫൈസല്‍ ചാലില്‍, നജീബ് ജി എം, അമീര്‍ കെ.പി, കെ..ബി ഹാരിസ് എന്നിവര്‍ പങ്കെടുത്തു.
ഇടമലക്കുടിയില്‍ പി.എച്ച് സബ് സെന്റര്‍
സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി
തൊടുപുഴ: ഇടമലക്കുടിയില്‍ പി.എച്ച് സബ് സെന്റര്‍ സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം ഇടമലക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കന്നിമയമ്മ ശ്രീരംഗന്റെ മകളുടെ നവജാത ശിശു ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ഇടമലക്കുടിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞുവരികയാണെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുഞ്ഞ് മരിക്കാനിടയായതും അമ്മയുടെ നില വഷളാക്കിയതും ആദിവാസിക്കുടിയിലെ ആചാരപരമായ പ്രശ്‌നങ്ങള്‍ കൊണ്ടു കൂടിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസിലായതെന്ന് മന്ത്രി പറഞ്ഞു. കുടിയിലെ വാലായ്മപ്പുരയിലാണ് ഗര്‍ഭിണികളുടെ താമസവും പ്രസവവും. അതു കൊണ്ടു മതിയായ പരിചരണങ്ങള്‍ ലഭിക്കാതെ വരുന്നു. എല്ലാ ആഴ്ചയും മെഡിക്കല്‍ സംഘം അവിടെ എത്തുന്നുണ്ടെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പിന്റെ അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ ഉണ്ടായോന്ന് പരിശോധിക്കുമെന്നും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി പറഞ്ഞു.
കന്നിയമ്മ ശ്രീരംഗന്റെ മകള്‍ വൈദേഹിയുടെ ആണ്‍കുഞ്ഞാണ് വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്കുള്ള വഴിമധ്യേ മൂവാറ്റുപുഴയില്‍ വെച്ച് മരിച്ചത്. വ്യാഴാഴ്ചയാണ് വൈദേഹി വാലായ്മപ്പുരയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. വൈകിട്ടോടെ ഇവര്‍ രക്തം വാര്‍ന്ന് അവശനിലയിലായി. വിവരമറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ദേവികുളം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.അര്‍ച്ചനയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ഇടമലക്കുടിയിലേക്ക തിരിച്ചു. ഇവര്‍ ആദ്യ സെറ്റില്‍മെന്റായ ഇഡലിപ്പാറക്കുടിയില്‍ എത്തിയപ്പോഴേക്കും ട്രൈബല്‍ വാച്ചര്‍ രാമചന്ദ്രന്‍ കുടിനിവാസികളുടെ സഹായത്തോടെ വൈദേഹിയെ അവിടെ എത്തിച്ചിരുന്നു. ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് ഇടപെട്ട് അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്നും എത്തിച്ച ആംബുലന്‍സില്‍ അമ്മയേയും കുഞ്ഞിനേയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി വഴിമധ്യേ മരിക്കുകയായിരുന്നു.
ഇതിനിടെ ഇടമലക്കുടിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗോത്രവിഭാഗത്തില്‍പ്പെട്ട യുവതിയുടെ കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.സാമൂഹ്യനീതിവകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ്ഗവികസനവകുപ്പ് എന്നവയുടെ ഡയറക്ടര്‍മാര്‍, ഇടുക്കി ജില്ലാ പൊലിസ് മേധാവി എന്നിവര്‍ ഏഴു ദിവസത്തിനകം ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ അംഗം മീന.സി.യു. നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."