'റെയില്‍നീര്‍' പരിശോധിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: റയില്‍വേ യാത്രക്കാര്‍ക്ക് നല്കുന്ന കുപ്പിവെള്ളമായ റയില്‍ നീര് സുരക്ഷിതമാണോയെന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. യാത്രക്കാര്‍ക്ക് റയില്‍ നീര് കുപ്പിവെള്ളം മാത്രമേ നല്‍കാവൂ എന്ന റയില്‍വേയുടെ നിര്‍ദേശത്തിനെതിരേ റയില്‍വേ കാറ്റേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്, പി.സി പാന്ത് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. ഗുജറാത്തിലെയും ഗാസിയാബാദിലെയും ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ റയില്‍ നീര് സുരക്ഷിതമല്ലെന്ന് ബോധ്യമാകുന്ന ചിലത് കണ്ടെത്തിയതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് മറ്റു ബ്രാന്‍ഡുകളുടെ കുടിവെള്ളവും വില്ക്കാന് അനുമതി വേണമെന്നും അസോസിയേഷന് ആവശ്യപ്പെടുന്നു.
റയില്നീര് മാത്രമേ യാത്രക്കാര്‍ക്ക് വില്‍ക്കാവൂ എന്ന നിര്‍ദേശം അപകടകരമല്ലേയെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് കോടതി ചോദിച്ചു. കോടതിയില്‍ ലാബ് പരിശോധനാ ഫലവുമായി വന്ന സോളിസിറ്റര്‍ ജനറല്‍ റയില്‍ നീര് സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി. പരിശോധനയ്ക്കായി കാറ്റേഴ്സ് അസോസിയേഷന് എടുത്ത സാംപിള്‍ കാലാവധി കഴിഞ്ഞതായിരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ ഇതിനെ അസോസിയേഷന്റെ അഭിഭാഷകന് രാജു രാമചന്ദ്രന് എതിര്‍ത്തു. പരിശോധനകളിലൊന്ന് നടത്തിയത് സര്‍ക്കാര്‍ ലാബിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റയില്‍വേയുടെ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കേസ് വീണ്ടും പരിഗണിക്കുന്ന ജൂലായ് അഞ്ചു വരെ സ്റ്റേ ചെയ്ത കോടതി റയില്നീരിന്റെ സുരക്ഷ പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റയില്നീര് മാത്രമേ വില്‍ക്കാവൂ എന്ന നിര്‍ദേശം വാണിജ്യസ്ഥാപനങ്ങള്‍ സംബന്ധിച്ച് ഭരണ ഘടന നല്കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഐ.ആര്.സി.ടിസിയാണ് റയില്നീര് നിര്‍മിക്കുന്നത്. കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."