കേരള കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉല്‍കൃഷ്ടം: മുഖ്യമന്ത്രി
കോട്ടയം: കേരള കത്തോലിക്കാസഭ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉത്കൃഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരുണ്യവര്‍ഷ സമാപനാഘോഷങ്ങള്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) യുടെ നേതൃത്വത്തില്‍ എല്ലാ കത്തോലിക്കാ രൂപതകളുടേയും കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിഷന്റേയും ഫാമിലി കമ്മിഷന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ യേശുക്രിസ്തുവിന്റെ പ്രേഷിത ദൗത്യമാണ് സഭ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഭവനനിര്‍മാണം ഉള്‍പ്പടെയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും സാന്ത്വന ശുശ്രൂഷകളും വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ഹരിതകേരളം പദ്ധതി, ജലസ്രോതസുകളുടെ പുനരുദ്ധാരണം, സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി എന്നിവയില്‍ കത്തോലിക്കാ സഭയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കെ.സി.ബി.സിയുടേയും പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ചുബിഷപ്പുമായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷനായി.
ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ചുബിഷപ്പ് ഡോ. സൂസൈ പാക്യം, സീറോ മലബാര്‍ സഭയിലെ സീനിയര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി സന്ദേശം നല്‍കി. കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍ചുബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. മേരി റജീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."