വടക്കാഞ്ചേരി പീഡനം: യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന്
വടക്കാഞ്ചേരി: പീഡനത്തിനിരയായ യുവതി നുണപരിശോധനയ്ക്ക് തയാറായ സാഹചര്യത്തില്‍ അവരെ അതിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ ഡി.ജി.പിക്ക് കത്ത് നല്കി. തന്റെ മൊഴികള്‍ ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ നുണപരിശോധനക്ക് ഹാജരാകാമെന്ന് യുവതി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ഇതോടൊപ്പം ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനേയും ഇദ്ദേഹത്തിന്റെ കൂട്ടാളികളേയും കേസ് ഒത്ത് തീര്‍ക്കുന്നതിന് മുന്‍കൈയെടുത്ത സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനേയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കേസ് അട്ടിമറിക്കാന്‍ പൊലിസിലെ ഉന്നതര്‍ ഗൂഢാലോചന നടത്തുകയാണെന്നും കത്തില്‍ എം.എല്‍.എ ആരോപിക്കുന്നുണ്ട്. പൊലിസ് തെളിവെടുപ്പ് നടത്തുന്നത് പരാതിക്കാരിയെ കൂടെകൂട്ടിയാണ്. ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണ്. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസവും തുടരന്വേഷണം ആരംഭിച്ച് പത്ത് ദിവസവും പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ, തെളിവ് ശേഖരിക്കാനോ തയാറാകാതെ പൊലിസ് വാദിയില്‍ നിന്ന് തെളിവ് ശേഖരിക്കുകയാണ്. ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ഇതിന് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."