സമസ്ത പേഴ്‌സണല്‍ ലോ ബോര്‍ഡ് തീരുമാനങ്ങള്‍ക്കൊപ്പം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
കൊപ്പം: ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ സമസ്ത പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വിളയൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19, 20 തിയതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ യോഗത്തിന് ശേഷം ശരീഅത്ത് സംരക്ഷണത്തിന് സമാധാനപരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. മുസ്‌ലിംകള്‍ ഐക്യത്തോടെ നില്‍ക്കേണ്ട സമയത്ത് വിഘടിച്ച് നില്‍ക്കുന്നതിനോട് യോജിപ്പില്ല. ഇക്കാര്യത്തില്‍ സമസ്ത പ്രതിഷേധം തുടങ്ങിയിട്ടേയുള്ളൂ. ആദ്യഘട്ടമായി ഒപ്പു ശേഖരണം നടത്തി. മലപ്പുറത്ത് നടത്തിയ സംരക്ഷണ റാലിക്കെത്തിയ ജനസഞ്ചയം ഈ വിഷയം ജനങ്ങളേറ്റെടുത്തതിന് തെളിവാണ്. 300 മതങ്ങളും അത്ര തന്നെ ഭാഷകളുമുള്ള രാജ്യത്ത് ഏക സിവില്‍കോഡ് അപ്രായോഗികമാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരേ പ്രതിഷേധിക്കുന്നുണ്ടെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
തീവ്രവാദികള്‍ എല്ലാ മതങ്ങളിലുമുണ്ടെന്നും ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുസ്‌ലിംകളെ മാത്രം ഇക്കാര്യത്തില്‍ പഴിചാരുന്നത് ശരിയല്ലെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളും ആലിക്കുട്ടി മുസ്‌ലിയാരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."