പടക്കം, ബാന്റ്‌മേളം, മധുരം, പായസം തയാര്‍ വിജയാരവത്തിനൊരുങ്ങി മുന്നണികള്‍
കോഴിക്കോട്: ജില്ലയിലെ പതിമൂന്നു നിയോജക മണ്ഡലങ്ങളും പിടിച്ചെടുക്കാമെന്ന് എല്‍.ഡി.എഫും നിലവിലുള്ള സീറ്റ് നിലനിര്‍ത്തുന്നതിനൊപ്പം എല്‍.ഡി.എഫിന്റെ കോട്ടയില്‍ ഇടിച്ചുകയുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളാണ് എല്ലാ മുന്നണികളും ഒരുക്കിക്കൊണ്ടിരിക്കുന്നത്. ജില്ലയില്‍ ആഹ്ലാദപ്രകടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വിജയിച്ചാല്‍ അതു ചരിത്രസംഭവമാകുമെന്ന് കണക്കുകൂട്ടുന്ന ഇടതുമുന്നണിയാണ് ഏറ്റവും കൂടുതല്‍ സജജ്ജീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. ആഘോഷ പരിപാടികള്‍ ഒരുക്കുന്നതില്‍ യു.ഡി.എഫും ഒട്ടും പിറകിലല്ല.
അപകടകരമല്ലാത്ത ചൈനീസ് പടക്കങ്ങള്‍, തെയ്യം, വാദ്യഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം എല്ലാ മുന്നണികളും ഒരുക്കിയിട്ടുണ്ട്. മിക്ക കടകളിലും ഇതിനോടകം പടക്കങ്ങള്‍ എത്തിക്കഴിഞ്ഞു.
ബാന്റ്‌മേളവും ഗാനമേളയുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുക്ക് ചെയ്തിട്ടുണ്ട്. പലയിടത്തും ബാന്റ് മേളക്കാരെ കിട്ടാത്ത അവസ്ഥയാണുള്ളത്. ഇവയ്‌ക്കെല്ലാം പുറമെ പഞ്ചാരിമേളവും പഞ്ചവാദ്യവും ശിങ്കാരിമേളവും പുലിക്കളിയുമെല്ലാം എല്ലാ മുന്നണികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പച്ച ലഡുവിനും ചുവന്ന ലഡുവിനും പച്ച ജിലേബിക്കും ചുവന്ന ജിലേബിക്കുമെല്ലാം മുന്നണികള്‍ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു.
പാര്‍ട്ടി നിറത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ബേക്കറികളെല്ലാം. പായസമുണ്ടാക്കാനും മുന്നണികളും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കൊടികള്‍ക്ക് പുറമെ തൊപ്പി, പാര്‍ട്ടി കുടകള്‍, പലതരം വസ്ത്രങ്ങള്‍ എന്നിവയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി തയാറായിട്ടുണ്ട്. ഇതിനുപുറമെ പ്രത്യേകം തയാറാക്കിയ പാരഡിപ്പാട്ടുകളും ഇറക്കിയിട്ടുണ്ട്. പരാജയപ്പെടുന്ന മുന്നണികളെ പരിഹസിച്ചുകൊണ്ട് തയാറാക്കിയ ഇത്തരം പാരഡി ഗാനങ്ങള്‍ക്കൊപ്പം പലതരം കോമഡി ക്ലിപ്പുകളും ഓഡിയോകളും ഇന്നലെ മുതല്‍ തന്നെ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇടതുമുന്നണിയാണ് ഇത്തരത്തിലുള്ള ഓഡിയോകള്‍ ആദ്യം പ്രചരിപ്പിച്ചത്. വാട്‌സ്ആപ്പിലൂടെയാണ് ഇവ കൂടുതലും ജനങ്ങളിലെത്തിയത്. വിജയാഘോഷങ്ങള്‍ നടത്താനുള്ള വാഹനങ്ങളും ഇന്നലെത്തന്നെ സജ്ജീകരിച്ചിരുന്നു.
അതേസമയം ജില്ലയിലെ വിജയാരവങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്. വിജയത്തില്‍ മതിമറന്ന് ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളെല്ലാം പൊലിസിന്റെ നിരീക്ഷണത്തിലായിരിക്കും. എങ്കിലും തെരഞ്ഞെടുപ്പിലെ അതേ വീറും വാശിയും ആഹ്ലാദപ്രകടനത്തിലും കാഴ്ച വയ്ക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."