വികാരാധീനനായി പ്രധാനമന്ത്രി; കാത്തിരിക്കൂ വാക്കുപാലിക്കും
പനാജി: രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കവെയാണ് മോദി വികാരാധീനനായത്. ഗോവയില്‍ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കേതിരേ പോരാട്ടം നടത്താന്‍ തന്നില്‍ ജനം വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെന്നും പരിണിതഫലം എന്തു തന്നെയായാലും അതിനെ നേരിടാന്‍ തയാറാണെന്നും മോദി പറഞ്ഞു. നവംബര്‍ എട്ടുമുതല്‍ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുകയും ഉറക്കഗുളികകള്‍ തിരയുകയും ചെയ്യുകയാണ്.
പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതിക്കെതിരേ പോരാടാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിന് എതിരാണ്. ഇത് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമാണ്. ഇന്ത്യ വിട്ടുപോയ പണം തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.
രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് ഞാന്‍. ഓഫിസിലെ കസേരയില്‍ വെറുതെ ഇരിക്കാനല്ല ഞാന്‍ ജനിച്ചത്. ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായിക്കൊള്ളൂവെന്നും മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാന്‍ താന്‍ തയാറാണ്. എന്നാല്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും.തന്നെ ഇല്ലാതാക്കാനുള്ള ശ്രമം വരേ കള്ളപ്പണക്കാരും അഴിമതിക്കാരും നടത്തിയേക്കാം.
ഏഴുപത് വര്‍ഷക്കാലമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കള്ളത്തരങ്ങളാണ് അവസാനിക്കാന്‍ പോകുന്നതെന്നും മോദി പറഞ്ഞു. ഡിസംബര്‍ അവസാനം വരേ കാത്തിരിക്കാന്‍ ജനം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."