ശിരോവസ്ത്രം: യു.എസില്‍ അധ്യാപികയ്ക്കെതിരേ ഊമക്കത്ത്
വാഷിങ്ടണ്‍: യു.എസില്‍ ശിരോവസ്ത്രം ധരിക്കുന്ന അധ്യാപികയ്ക്കെതിരേ ഊമക്കത്ത്. ജോര്‍ജിയയിലെ അറ്റ്ലാന്റ ഗ്വിന്നറ്റ് കൗണ്ടിയിലെ ഡാകുള ഹൈസ്കൂളിലെ അധ്യാപിക മിയാറ തെലി (24) നാണ് കത്ത് ലഭിച്ചത്. ശിരോവസ്ത്രം അനുവദിക്കില്ലെന്നും അതുപയോഗിച്ച് തൂങ്ങിമരിച്ചൂടെ എന്നുമാണ് കത്തിലെ പരാമര്‍ശം. കത്തിന്റെ പകര്‍പ്പ് മിയാറ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
മിയാറയുടെ പേരെടുത്ത് പരാമര്‍ശിക്കുന്ന കത്തില്‍ ശിരോവസ്ത്രത്തിനെതിരേയുള്ള അസഹിഷ്ണുത വ്യക്തമാണ്. കറുത്തമഷിയിലെ എഴുത്തിന് ശേഷം അമേരിക്ക എന്നെഴുതി ഒപ്പുവച്ചിട്ടുണ്ടെന്ന് അറ്റ്ലാന്റ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ റിപ്പോര്‍ട് ചെയ്തു.
എന്നാല്‍ തന്റെ മതവിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നത് തുടരുമെന്ന് മിയാറ പറഞ്ഞു. സമൂഹത്തിന്റെ അന്തരീക്ഷം മനസിലാക്കാനാണ് കത്ത് പുറത്തുവിട്ടതെന്ന് അവര്‍ പറഞ്ഞു. അമേരിക്കയില്‍ വംശീയവിദ്വേഷം രൂക്ഷമാകുന്നുവെന്നും ഇത് മൂലം ട്രംപിന്റെ മുദ്രാവാക്യമായ മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് യാഥാര്‍ഥ്യമാകില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ തങ്ങളുടെ ജീവനക്കാര്‍ക്കെതിരേയുള്ള ഭീഷണി ഗൗരവത്തോടെയാണ് കാണുന്നതെന്നും കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും സ്കൂള്‍ വക്താവ് സോളന്‍ റോച് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ തനിക്ക് പിന്തുണ നല്‍കിയതായി അധ്യാപിക പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."