ഷോണിനും പങ്കെടുക്കണം; ശിശുദിന റാലിയില്‍
കൊച്ചി: എറണാകുളം എസ്.ആര്.വി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ ഷോണിനും പങ്കെടുക്കണം ഇന്ന് ശിശുദിന റാലിയില്‍. സെറിബ്രല്‍ പാഴ്സി ബാധിച്ച അവനും തൊപ്പിതുന്നി കരുതിയിരുന്നതാണ് ആവുന്നിടത്തോളം നടന്നുനീങ്ങാന്‍. എന്നാല്‍ ഒരു മാസം മുന്‍പ് പനി വന്ന് കിടപ്പിലായതേടെ എല്ലാം പാളി. എങ്കിലും ഷോണ്‍ പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വാടകവീട്ടില്‍ ആരോടും പരിഭവമില്ലാതെ ഇരിക്കുകയാണ്.
അവന്, മേശപ്പുറത്തെ അക്വാറിയത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ നോക്കി അമ്മയോട് ചോദിക്കുന്നു എനിക്കെപ്പോഴാ ഇതുപോലെ നീന്താന്‍ കഴിയുക, ടീച്ചര്‍ പറഞ്ഞ ചാച്ചാജിയുടെ റാലിയില്‍ പങ്കെടുക്കാന്‍ കഴിയുക? കടവന്ത്ര ഐക്കര പറമ്പില്‍ റോസിലി-ദീപക് ദമ്പതികളുടെ ഏക മകനായ ഷോണിന് ജന്മനാ വൈകല്യമുണ്ടായിരുന്നെങ്കിലും ആറു മാസമായപ്പോഴാണ് രോഗം തിരിച്ചറിയുന്നത്.
ആയുര്‍വേദ ചികിത്സയിലൂടെ തല കുറച്ച് നേരെനില്ക്കുകയും അല്‍പ്പം നടക്കാനുമൊക്കെ സാധിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് തുടര്‍ചികിത്സ നടത്താനായില്ല.
എറണാകുളം ബ്ലോക്ക് റിസര്‍ച്ച് സെന്ററിലെ അധ്യാപകരായ ബേബിയും ജയദേവിയുമാണ് ഷോണിനെ സ്കൂളിലെത്തിച്ചത്.
ഷോണിന്റെ ബുദ്ധിസാമര്‍ഥ്യവും എല്ലാം വേഗത്തില്‍ മനഃപാഠമാക്കാനുള്ള കഴിവും തിരിച്ചറിഞ്ഞതിനാലാണ് അവനെ സ്കൂളിലാക്കിയത്.
സ്കൂളിലെ പ്രഥമഅധ്യാപിക ആരിഫയും പൂര്‍ണ പിന്തുണ നല്കി. എല്ലാ ദിവസവും ഷോണിന് സ്കൂളില്‍ പോകണമെന്നുണ്ട്. പക്ഷേ ഹൃദ്രോഗിയായ അമ്മ റോസിലിക്ക് എന്നും സ്കൂളില്‍ കൂട്ടിരിക്കാന്‍ കഴിയുന്നില്ല. മറ്റുകുട്ടികള്‍ ഒന്നു തട്ടിയാല്‍മതി, ഷോണ്‍ നിലത്തുവീഴാന്‍, പിന്നെ പനി വരും. പനി വന്നാല്‍ പിന്നെയും തളര്‍ന്ന് കിടപ്പാകും.
ഷോണ്‍ സ്കൂളിലെത്തിയില്ലെങ്കിലും അവന്റെ ഓരോ ദിവസത്തെയും അരി കൂട്ടിവെച്ച് ആരിഫ ടീച്ചര്‍ വീട്ടിലെത്തിക്കും. പഠിച്ച് എന്‍ജിനീയറാകണമെന്നാണ് ഷോണിന്റെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."