ഇന്നത്തെ ചന്ദ്രന്‍ 'സൂപ്പര്‍'
തിരുവനന്തപുരം: മഴമേഘങ്ങള്‍ മറച്ചില്ലെങ്കില്‍ ഇന്ന് നമുക്ക് പൂര്‍ണചന്ദ്രനെ ഭൂമിക്കു തൊട്ടരികില്‍ ദര്‍ശിക്കാം. ഈ നൂറ്റാണ്ടില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പൂര്‍ണചന്ദ്രദിന പ്രതിഭാസമായ സൂപ്പര്‍മൂണ്‍ സൂര്യാസ്തമനത്തിനു ശേഷം ദൃശ്യമാകും.
ഇതിനു മുന്‍പ് 1948 ലായിരുന്നു ചന്ദ്രന്‍ ഭൂമിയോട് ഏറെ അടുത്തുവന്നത്. ഇനി ഭൂമിക്ക് തൊട്ടടുത്ത് പൂര്‍ണചന്ദ്രനെ കാണണമെങ്കില്‍ 2034 നവംബര്‍ 25 വരെ കാത്തിരിക്കണം. അടുത്ത മാസം പതിമൂന്നിനുള്ള പൂര്‍ണചന്ദ്രനും സൂപ്പര്‍മൂണിനു സമാനമായിരിക്കുമെന്നു വാനിരീക്ഷകര്‍ പറയുന്നു. ചന്ദ്രന്‍ പതിവിലും 14 മടങ്ങോളം ഭൂമിയോട് അടുത്തുവരികയും 30 ശതമാനത്തോളം തിളക്കമേറി കാണപ്പെടുകയും ചെയ്യും. ചുവപ്പു പ്രകാശരശ്മികള്‍ കൂടുതലായി കേന്ദ്രീകരിക്കുന്നതുമൂലം ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ കൂടുതല്‍ ചുവന്നു കാണപ്പെടുന്നതിനാല്‍ രക്തചന്ദ്രനെന്നും(ബ്ലഡ് മൂണ്‍) ഇത് അറിയപ്പെടുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 16ലെ പൂര്‍ണചന്ദ്രദിനവും ഏകദേശം സൂപ്പര്‍മൂണായിരുന്നുവെന്നു യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു. ഇരുട്ടുള്ള സ്ഥലങ്ങളിലും ഉയര്‍ന്ന മലകളിലും വന്‍ കെട്ടിടങ്ങള്‍ക്കു മുകളിലും കിഴക്കന്‍ തീരത്തെ കടലോരങ്ങളിലും നിന്ന് സന്ധ്യയോടെ കിഴക്കന്‍ ചക്രവാളത്തിലേക്കു നോക്കിയാല്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകും. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി ആകാശത്ത് വലിപ്പമേറിയ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."