നോട്ടിലുടക്കി അവധിദിനം
കോഴിക്കോട്: നോട്ട് ദുരിതം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ അവധി ദിനമായ ഞായറാഴ്ചയും ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവിന് കുറവുണ്ടായില്ല. ക്യൂവില്‍ നില്‍ക്കുന്നവരുടെ കൈയിലുള്ള പണം മോഷ്ടിക്കാനായി പോക്കറ്റടിക്കാരും രംഗത്തിറങ്ങിയതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. കോഴിക്കോട് എസ്.ബി.ഐയ്ക്ക് മുന്നില്‍ ക്യൂനിന്ന കൊല്‍ക്കത്ത സ്വദേശിയുടെ പേഴ്‌സാണ് മോഷണം പോയത്. 5000 രൂപയും ഐഡന്റിറ്റി കാര്‍ഡും നഷ്ടപ്പെട്ടതായി ഇയാള്‍ പറയുന്നു. നോട്ട് നിരോധനം ദിവസങ്ങള്‍ പിന്നിട്ടതോടെ കൈയിലുണ്ടായിരുന്ന 100ന്റെ നോട്ട് തീര്‍ന്ന് തുടങ്ങിയവരും ഇന്നലെ ബാങ്കുകളിലെത്തിയിരുന്നു. ഏതുവിധേനയും പണം മാറ്റി ലഭിക്കാന്‍ വരിനില്‍ക്കുന്നവര്‍ക്ക് 10 രൂപയുടെ നാണയങ്ങളും ബാങ്കുകള്‍ നല്‍കി. എ.ടി.എമ്മുകള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസവും പ്രവര്‍ത്തിച്ചത്.
മിക്ക മെഷീനുകളില്‍ നിന്നും ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാനായില്ല. പണം ലഭിക്കുന്ന എ.ടി.എമ്മുകള്‍ക്ക് മുന്നിലെ നീണ്ടവരികള്‍ക്ക് വൈകിട്ടും കുറവില്ലായിരുന്നു. കല്യാണ വീടുകളിലും നോട്ട് ദുരിതം പ്രതിഫലിച്ചു. ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ വരി നിന്ന് ലഭിച്ച പണം കല്യാണ വീടുകളിലേക്ക് നല്‍കേണ്ട ഗതികേടിലായിരുന്നു ഭൂരിഭാഗം പേരും. ഇടപാടായി പഴയ നോട്ടുകള്‍ നല്‍കിയവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."