2016 നവംബര്‍ ഒന്നിന് 60 തികഞ്ഞ സംസ്ഥാനം പിറന്നാളാഘോഷ വേളയില്‍ ഒരു പ്രഖ്യാപനം നടത്തി, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ശൗചാലയ സൗകര്യമൊരുക്കിയെന്ന പ്രഖ്യാപനം. അതായത് കേരളം സമ്പൂര്‍ണ ഒ.ഡി.എഫ് സംസ്ഥാനമായി. അതിന് മുന്‍പേ ഒക്ടോബര്‍ 16ന് വയനാടും സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിച്ചു. എന്നാല്‍ ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും പദ്ധതി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പദ്ധതിയുടെ 50 ശതമാനം പോലും പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകളും ജില്ലയിലുണ്ട്. സമ്പൂര്‍ണ ഒ.ഡി.എഫായി പല പഞ്ചായത്തുകളും പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതി നൂറു ശതമാനം പൂര്‍ത്തിയാക്കാതെയായിരുന്നു ഇത്. അര്‍ഹരായ ഗുണഭോക്താക്കള്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയെന്നതും നിര്‍മിച്ച ടോയിലറ്റ് യൂനിറ്റുകള്‍ മിക്കതും തട്ടിക്കൂട്ടിയതാണെന്ന് ആക്ഷേപം വേറെ... പദ്ധതി പ്രകാരം 13981 ടോയിലറ്റ് യൂനിറ്റുകള്‍ ജില്ലയില്‍ നിര്‍മിച്ചെന്നായിരുന്നു ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലാ പ്രഖ്യാപനത്തില്‍ പറഞ്ഞത്. സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം സര്‍ക്കാരിന് ഗുണകരമല്ലാതെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്പെടില്ലെന്നതാണ് വാസ്തവം.
ജില്ല സമ്പൂര്‍ണ ഒ.ഡി.എഫ്; നഗരസഭകളില്‍ പദ്ധതി 'പണിപ്പുരയില്‍'
കല്‍പ്പറ്റ: സംസ്ഥാനവും അതിനു മുമ്പേ ജില്ലയും സമ്പൂര്‍ണ ഒ.ഡി.എഫ് ആയി. എന്നാല്‍ വയനാട്ടിലെ മൂന്ന് നഗരസഭകളില്‍ പദ്ധതി ഇപ്പോഴും പണിപ്പുരയിലാണ്. കല്‍പ്പറ്റ നഗരസഭയില്‍ 114 ടോയിലറ്റ് യൂനിറ്റുകളാണ് പദ്ധതി പ്രകാരം നിര്‍മിക്കേണ്ടത്.
എന്നാല്‍ ഇതില്‍ 94 യൂനിറ്റുകളുടെ എഗ്രിമെന്റ് ചെയ്‌തെങ്കിലും 68 യൂനിറ്റുകള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. മാനന്തവാടിയില്‍ 360 ഗുണഭോക്താക്കളാണുള്ളത്. എന്നാല്‍ ഒ.ഡി.എഫ് പ്രഖ്യാപനം കഴിഞ്ഞെങ്കിലും പദ്ധതിയുടെ പ്രാരംഭ നടപടികള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഇന്നു തുടങ്ങുന്ന എഗ്രിമെന്റ് നടപടികള്‍ മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ബത്തേരിയില്‍ 512 യൂനിറ്റുകളാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിന്റെ എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തി ആരംഭിച്ചിട്ടേയുള്ളു. പദ്ധതിയുടെ ആദ്യം ഘട്ടം പോലും പൂര്‍ത്തിയാക്കാത്ത നഗരസഭകളും പഞ്ചായത്തുകളുമുള്ളപ്പോഴാണ് ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
കുടിവെള്ളം പോലും ഇല്ലാത്ത കോളനികള്‍ നിരവധിയുള്ളപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ കക്കൂസ് നിര്‍മിച്ചിട്ടെന്തു കാര്യമെന്നാണ് നാട്ടുകാരുടെ ചോദ്യം. കൂടാതെ പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പേ പ്രഖ്യാപനം നടത്തിയതിനെതിരേയും പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."