അനുരാഗ് ഠാക്കൂര്‍ ബി.സി.സി.ഐ പ്രസിഡന്റാവും
മുംബൈ: നിലവിലെ ബി.സി.സി.ഐ സെക്രട്ടറിയും ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗവുമായ അനുരാഗ് ഠാക്കൂര്‍ ബി.സി.സി.ഐയുടെ പ്രസിഡന്റ് പദത്തിലേക്ക്. ശശാങ്ക് മനോഹറിന്റെ രാജിവച്ച ഒഴിവിലേക്കാണ് അധ്യക്ഷനായി അനുരാഗ് ഠാക്കൂറെത്തുന്നത്. നേരത്തെ രാജീവ് ശുക്ലയ്ക്കും ഈ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ശുക്ല പ്രസിഡന്റ് പദത്തിലേക്കില്ലെന്ന് വ്യക്തമാക്കിയെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആറു ഈസ്റ്റ് സോണ്‍ അസോസിയേഷനുകളുടെ പിന്തുണ അനുരാഗ് ഠാക്കൂറിന് ലഭിച്ചിട്ടുണ്ട്. നേരത്തെ മനോഹറിനും ഇവര്‍ പിന്തുണ നല്‍കിയിരുന്നു.
ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്നതിനാലാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. മുംബൈയില്‍ മെയ് 22ന് നടക്കുന്ന പ്രത്യേക വാര്‍ഷിക യോഗത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ഇക്കാര്യം അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഗൗതം റോയ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈസ്റ്റ് സോണിലെ ആറു അസോസിയേഷനുകളും ഠാക്കൂറിനെ നാമനിര്‍ദേശത്തിന് പിന്തുണ നല്‍കും. ഇത് അദ്ദേഹത്തിന് അറിയിച്ചിട്ടുണ്ടെന്നും റോയ് പറഞ്ഞു.
നേരത്തെ എന്‍.ശ്രീനിവാസന്‍ രാജിവച്ചപ്പോഴും ഠാക്കൂറിന് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. അതേസമയം ഠാക്കൂറിന് പകരം മുന്‍ ബി.സി.സി.ഐ ട്രഷറര്‍ അജയ് ഷിര്‍ക്കെ ബി.സി.സി.ഐ സെക്രട്ടറിയാകും. എന്നാല്‍ ഇക്കാര്യത്തെ പറ്റി തനിക്ക് അറിയില്ലെന്നും പ്രത്യേക വാര്‍ഷിക യോഗം എന്നാണെന്ന് പോലും തനിക്കറിയില്ലെന്നും ഷിര്‍ക്കെ വ്യക്തമാക്കി. ബി.സി.സി.ഐയിലെ പദവികള്‍ക്ക് പിന്നാലെ താന്‍ പോവാറില്ലെന്നും അവ തന്നെ തേടി വരുമ്പോള്‍ മാത്രമാണ് താനറിയാറുള്ളതെന്നും ഷിര്‍ക്കെ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."