പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍
നീലേശ്വരം: 'പുര കത്തുമ്പോള്‍ വാഴവെട്ടുക' എന്നു പറഞ്ഞതു പോലെയാണു ഇപ്പോള്‍ കാര്യങ്ങള്‍. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മുതലെടുക്കുന്നവരും ഇവിടെ കുറവല്ല. രാവിലെ മുതല്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്കു 'സഹായവുമായാണു' ഇവരെത്തുന്നത്. പുതിയ 2000 രൂപയ്ക്കും പഴയ 500, 1000 നോട്ടുകള്‍ക്കും ചില്ലറയുമായാണു ഇവര്‍ ഇടപാടുകാരെ സമീപിക്കുന്നത്. ചില്ലറയ്ക്കു പകരം 50 മുതല്‍ 100 രൂപ വരെ ഇവര്‍ കമ്മിഷനായി ഈടാക്കുകയും ചെയ്യും. മണിക്കൂറുകളോളം വെയില്‍കൊണ്ടു വലയുന്ന ജനങ്ങള്‍ പലപ്പോഴും ഇവരുടെ സഹായം തേടുന്നതും പതിവായിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഏജന്റുമാരെ കാണാം.
അവസരം മുതലാക്കി പോക്കറ്റടിക്കാരും വ്യാപകമായിട്ടുണ്ട്. പൈസയെടുക്കാനെന്ന ഭാവേന വരികളില്‍ നില്‍ക്കുകയും അവസരം കിട്ടുമ്പോള്‍ പോക്കറ്റടിച്ചു മുങ്ങുകയുമാണു ഇവരുടെ രീതി. ജില്ലയില്‍ ഇത്തരത്തിലുള്ള പരാതികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രൂപ മാറിയെടുക്കാനെത്തുന്നവര്ക്കു പൈസ വാങ്ങി അപേക്ഷ പൂരിപ്പിച്ചു കൊടുക്കുന്നവരും കുറവല്ല. ഇത്തരത്തിലുള്ള ചിലരെ കാസര്‍കോടു നിന്നും പിടികൂടിയിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം ചെക്കു വാങ്ങി നൂറിന്റെ നോട്ടുകള്‍ നല്കുന്ന ഏജന്റുമാരും ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇടപാടുകാരില്‍ നിന്നും കമ്മിഷന് സ്വീകരിച്ചാണു ഇവരും പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."