രമേശ് ചെന്നിത്തല അട്ടപ്പാടി സന്ദര്‍ശിക്കും
തിരുവനന്തപുരം: ശിശുമരണങ്ങള്‍ നിലയ്ക്കാത്ത അട്ടപ്പാടി ആദിവാസി കോളനികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 22ന് സന്ദര്‍ശിക്കും.
അട്ടപ്പാടിയിലെ ശിശുമരണം അവസാനിപ്പിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.കെ ബാലന് നിയമസഭയില്‍ ഉറപ്പ് നല്കിയ ശേഷവും അവിടെ ശിശുമരണം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഒരു കുഞ്ഞു കൂടി മരിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ശിശുമരണങ്ങളുടെ സംഖ്യ അഞ്ചായി. അട്ടപ്പാടിയില്‍ കുട്ടികളിലും ഗര്‍ഭിണികളിലും പോഷകാഹാരക്കുറവും വിളര്‍ച്ചയും വ്യാപകമാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു എന്നല്ലാതെ ഒന്നും ഫലപ്രദമാകുന്നില്ല. കോടികള്‍ ഖജനാവില്‍ നിന്ന് ചോരുമ്പോഴും ആദിവാസികള്‍ യാതന അനുഭവിക്കുകയാണ്. 22ന് അട്ടപ്പാടിയിലെത്തുന്ന രമേശ് ചെന്നിത്തല രാവലെ 9.30ന് ശിശുമരണം നടന്ന ഊരുകള്‍ സന്ദര്‍ശിക്കുകയും ആദിവാസികളുമായും അവിടത്തെ സാമൂഹ്യ പ്രവര്‍ത്തകരുമായും നേരിട്ട് ആശയ വിനിമയം നടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."