കഞ്ചാവ് വിതരണ ഏജന്റ് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍
ആനക്കര: കഞ്ചാവ് വിതരണം നടത്തിവരികയായിരുന്ന ഏജന്റ് ഉള്‍പ്പടെ നാലുപേരെ തൃത്താല പൊലിസ് അറസ്റ്റുചെയ്തു. വാടാനംകുറുശ്ശി സ്വദേശിയും ഏജന്റുമായ അഭിലാഷ്(23), കുമരനെല്ലൂര്‍ സ്വദേശികളായ അമീര്‍(20), സുല്‍ത്താന്‍ ഹാരിഫ്(20), മുഹമ്മദ്ഷാദ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മുഖ്യകണ്ണിയായ അഭിലാഷ് റിമാന്‍ഡിലാണ്. മറ്റുമൂന്നു പേര്‍ക്ക് ജാമ്യംനല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടിലിരുന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയായിരുന്ന മൂവര്‍സംഘത്തെ നാട്ടുകാരാണ് ഓടിച്ചിട്ട് പിടികൂടിയത്. സ്‌കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും കുറേകാലമായി സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്നു. ക്ലാസ് മുറികളിലെ ഫര്‍ണ്ണിച്ചറുകള്‍ തകര്‍ക്കുകയും ബാത്ത് റൂമുകളുടെ വാതിലുകള്‍ പൊളിച്ചുകൊണ്ടുപോവുക തുടങ്ങി സ്‌കൂള്‍ അന്തരീക്ഷം തകര്‍ക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. ഇതിനെതുടര്‍ന്നു നിരവധിപരാതി പൊലിസില്‍ നിലനില്‍ക്കുകയാണ്. സ്‌കൂള്‍പരിസരം പൊലിസിന്റെയും മറ്റും നീരിക്ഷണത്തിലായിരുന്നു. അസമയത്ത് ഇവിടെ വന്ന ഇവരെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണു പിടികൂടി തൃത്താല പൊലിസിനു കൈമാറിയത്. തുടര്‍ന്ന് ഇവരെ വച്ചുകൊണ്ടുതന്നെ മുഖ്യകണ്ണിയെ തന്ത്രപരമായി പൊലിസ് പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നയാളുകൂടിയാണ് റിമാന്‍ഡിലായ അഭിലാഷ്. ഇയാളില്‍ നിന്നും 70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മൂവര്‍സംഘത്തില്‍ നിന്നും ലഹരിനിറച്ച ബീഡികള്‍ കണ്ടെടുത്തതായി പൊലിസ് പറഞ്ഞു.
കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ രക്ഷപ്പെടുത്തി
പട്ടാമ്പി: കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ കൈപ്പുറം അബ്ബാസ് രക്ഷപ്പെടുത്തി. ഓങ്ങല്ലൂര്‍ വരമംഗലത്ത് അബ്ദുറഹ്മാന്റെ വീട്ടിലെ 15 മീറ്റര്‍ താഴ്ചയുള്ള വെള്ളമുള്ള കിണറിലാണ് 75 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നി ഇന്നലെ പുലര്‍ച്ചെ വീണത്. വീട്ടുകാര്‍ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബീറ്റ് ഓഫിസര്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
രക്ഷപ്പെടുത്തിയ പന്നിയെ കാട്ടിലേക്കു വിട്ടയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."