കോള്‍മേഖലകൃഷിക്ക് ഭീഷണിയായി ആഫ്രിക്കന്‍ പായല്‍
അണ്ടത്തോട്: കോള്‍മേഖലയില്‍ നെല്‍ക്കൃഷിയിറക്കുന്നതിനു തടസമായി ആഫ്രിക്കന്‍പായലുകളും കാട്ടുചെടികളും കുന്നുകൂടുന്നു. പൊന്നാനി കോള്‍മേഖലയില്‍ ഉള്‍പ്പെടുന്ന പാടശേഖരങ്ങളിലും ജലസംഭരണ കേന്ദ്രങ്ങളിലുമാണ് പായലിന്റെ ശല്യം രൂക്ഷമാകുന്നത്.
പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്ന പായല്‍ നീക്കം ചെയ്താല്‍ മാത്രമേ കൃഷിയിറക്കാന്‍ കഴിയൂ എന്നുളളതിനാല്‍ വന്‍സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് കൂലിയിനത്തില്‍ ഉണ്ടാകുന്നത്.
എണ്ണൂറ് ഏക്കറോളം വരുന്ന കോള്‍ മേഖലയിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും പായല്‍ നിറഞ്ഞു കിടക്കുകയാണ്.കൃഷിസ്ഥലത്തെ കളകള്‍ യന്ത്ര സഹായത്തോടെ ജൈവവളമാക്കി മാറ്റുന്നുണ്ടെങ്കിലും പായല്‍ നശിച്ചു പോകാത്തതിനാല്‍ നെല്‍കൃഷിയെ ദോഷകരമായി ബാധിക്കും.
നടീലിനായി നിലമൊരുക്കുമ്പോള്‍ പായല്‍ നീക്കാന്‍ മാത്രം ഏക്കറിന് ശരാശരി അയ്യായിരത്തോളം രൂപ വരെ കൂലിയിനത്തില്‍ നല്‍കേണ്ടി വരുന്നുണ്ടന്നു കര്‍ഷകര്‍ പറയുന്നു. നരണിപ്പുഴ,കുമ്മിപ്പാലം,തെക്കെകാട്,നൂണക്കടവ്,ഒളമ്പക്കടവ്,കോടഞ്ചേരി ,അറിയോടി,പയഞ്ചിറ,കടുക്കുഴി തുടങ്ങി പുന്നയൂര്‍ക്കുളം മേഖലയിലെ പാടശേഖരങ്ങളിലാണ് പായലും ചണ്ടികളും കൂടുതലായും കാണപ്പെടുന്നത്.
വര്‍ഷംതോറും ലക്ഷക്കണക്കിനുരൂപയാണ് ആഫ്രിക്കന്‍ പായലുള്‍പ്പടെയുള്ള ചണ്ടികള്‍നീക്കാന്‍ ചിലവാക്കുന്നത്.ചിലയിടങ്ങളില്‍ പായല്‍നീക്കാന്‍ ചിലവ് കൂടിയതിനാല്‍ വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്.
പാടശേഖരങ്ങള്‍ക്കുപുറമെ ജലംസംഭരിച്ചുവെക്കുന്ന വലുതു ചെറുതുമായതോടുകള്‍ കായല്‍ എന്നിവിടങ്ങളിലും ആഫ്രക്കന്‍ പായ കുന്നുകൂടികിടക്കുകയാണ്.
നൂറടിത്തോട്,കൃഷിയിടങ്ങളിലെ ഇടത്തോട് എന്നിവിടങ്ങളിലെല്ലാമാണ് നീക്കം ചെയ്യാന്‍ കഴിയാത്തവിധം പായലുകള്‍ കുമിഞ് കിടക്കുന്നത്.ജലസംഭരണികളില്‍ പായല്‍ കെട്ടികിടക്കുന്നതിനാല്‍ ഇവയിലെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്.മാസങ്ങളോളം പായല്‍ വെള്ളത്തില്‍കെട്ടികിടക്കുന്നതുമൂലം ചീയുകയും വെള്ളത്തിന്റെ നിറംതന്നെ മാറുമെന്നും കര്‍ഷകര്‍ പറയുന്നു.
പഞ്ചായത്തും കൃഷിവകുപ്പും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കഴിഞ്ഞ സീസണില്‍ പായല്‍ നീക്കാനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും തൊഴിലാളികളുടെ നിസ്സഹകരണം കാരണം ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കര്‍ഷകര്‍ പായല്‍ നീക്കം ചെയ്തത്.
കര്‍ഷകര്‍ക്ക് വലിയ ചിലവ്‌വരുന്ന പായല്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്ഥിരംസംവിധാനം വേണമെന്നാണ് പാടശേഖരങ്ങളിലെ നെല്‍ കര്‍ഷകരുടെ ആവിശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."