പ്രതാപ കാലം തിരിച്ചെടുക്കുകയാണ് പോസ്റ്റല്‍ സംവിധാനം
കുന്നംകുളം: നോട്ടിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി മാറുന്ന ഇന്ത്യന്‍ പോസ്റ്റല്‍ സംവിധാനം അവരുടെ പഴയ കാല പ്രതാപം തിരിച്ചു പിടിക്കുന്നു.
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കിലെത്തുന്നതിനെക്കാള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് ഇപ്പോള്‍ പോസ്റ്റ് ഓഫീസുകളെയാണ്. മൊബൈല്‍ ഫോണിന്റെയും, സോഷ്യല്‍ മീഡിയകളുടെയും കടന്നുവരവ് പോസ്‌റല്‍ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ ഒരു കാലത്ത് നാടിന്റെ പകരം വെക്കാനില്ലാത്ത ആശയവിനിമയ ഉപാധിയായിരുന്ന പോസ്റ്റല്‍ സംവിധാനം.
നീണ്ട ഇടവേളക്കുശേഷം രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നോട്ടുകള്‍ മാറിയെടുക്കാന്‍ എത്തുന്നവരാണ് ഭൂരിഭാഗവും. കുന്നംകുളത്ത് ഗുരുവായൂര്‍ റോഡിലുള്ള പോസ്റ്റ് ഓഫീസ് കെട്ടിടവും പരിസരവും ഇപ്പോള്‍ ജനങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിനു പുറമേ സമീപ പഞ്ചായത്തുകളായ കാട്ടാകമ്പാല്‍,പോര്‍ക്കുളം, എന്നിവിടങ്ങിലെ പോസ്റ്റ് ഓഫീസുകളും പണം മാറ്റാനെത്തിയവരെക്കൊണ്ട് ജനനിബിഡമാണ്.
നഗരത്തിലെ പല ബാങ്കുകളിലും മണിക്കൂറുകള്‍ നീളുന്ന വരിയില്‍ നിന്ന് രക്ഷപെട്ടാണ് പലരും പോസ്റ്റ് ഓഫീസുകളിലെത്തുന്നത്. പണം മാറിയെടുക്കാന്‍ പോസ്റ്റ് ഓഫീസിലെത്തുന്നത് ഭൂരിഭാഗവും സാധാരണക്കാരാണ് . ഇതിനു പുറമേ പെന്‍ഷന്‍ പദ്ധതിയായ ജീവന്‍ പ്രധാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും ജനങ്ങളെത്തുന്നത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ജനങ്ങളുടെ തിരക്ക് കാരണം പോസ്റ്റ് ഓഫീസുകളില്‍ പണം മാറി നല്‍കാനായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കുകളിലെ പോലെ 4000 രൂപയാണ് പോസ്റ്റ് ഓഫീസുകളിലും മാറി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."