മക്ക ഹറമിനടുത്ത പ്രവാചകന്റെ ജന്മസ്ഥലത്തെ ലൈബ്രറിയും പരിസരവും വിപുലീകരിക്കുന്നു
മക്ക: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മസ്ഥലമായ മക്ക മസ്ജിദുല്‍ ഹറമിനുത്ത് പ്രവര്‍ത്തിക്കുന്ന ലൈബ്രറി കെട്ടിടവും സ്ഥലവും ഹറം വികസന വകുപ്പ് വിപുലീകരിക്കുന്നു. മസ്ജിദുല്‍ ഹറാം വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഇത് വികസിപ്പിക്കുന്നതെങ്കിലും ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തു വന്നിട്ടില്ലെന്ന് സഊദി ഇസ്ലാമിക മന്ത്രാലയ ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രവാചകന്റെ ജന്മസ്ഥലത്തുള്ള ചരിത്ര പശ്ചാത്തലം നില നിര്‍ത്തി കെട്ടിടം വിപുലീകരിക്കുകയും കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യണമെന്ന വിശ്വാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളാടെ പഴക്കമുണ്ട്. സഊദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് പ്രവാചകന്റെ ജന്മ സ്ഥലങ്ങളടക്കമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കണമെന്നും പിന്നീട് സഊദി ഇസ്ലാമിക മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.
സഊദിയിലെ ആലു ഖത്വാന്‍ എന്ന പ്രശസ്ത കുടുംബത്തിന്റെ പേരിലാണ് പ്രവാചകന്റെ ഈ ജന്മ സ്ഥലം നില കൊള്ളുന്നത്. ഈ കുടുംബത്തിലെ ഫാത്വിമതു യൂസുഫ് ഖത്വാന്‍ എന്നവര്‍ പ്രവാചകന്റെ ജന്മസ്ഥലം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടെണമെന്ന ലക്ഷ്യത്തോടെ പ്രസ്തുത സ്ഥലം വഖഫ് ചെയ്യുകയായിരുന്നു. പ്രസ്തുത സ്ഥലമോ കെട്ടിടമോ വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്യരുതെന്ന വ്യവസ്ഥ വഖഫ് രേഖയില്‍ ഇവര്‍ ഉര്‍പ്പെടുത്തിയിട്ടുണ്ട്.
ഹിജ്‌റ വര്‍ഷം 1369 ല്‍ ഇവിടെ ലൈബ്രറി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കിരീടവകാശിയും പിന്നീട് സഊദി ഭരണകര്‍ത്താവു മാറിയ ഫൈസല്‍ രാജാവിന് ഇവര്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഹിജ്‌റ 1413 ലാണ് ഇവര്‍ മരണപ്പെട്ടത്. പ്രവാചകന്റെ ജന്മ സ്ഥലത്തെ കൈവശക്കാരെ കുറിച്ചും മറ്റും പ്രതിപാദിക്കുന്ന രേഖകള്‍ മക്കയിലെ കോടതിയില്‍ ഇപ്പോഴും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."