റോട്ടറി ഫൗണ്ടേഷന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനയായ ദി റോട്ടറി ഫൗണ്ടേഷന്റെ ശതാബ്ദി ആഘോഷങ്ങള്‍ കൊച്ചിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിയുള്ള യുവാക്കള്‍ക്ക് ഡിജിറ്റല്‍ രംഗത്തെ കുറിച്ച് കൂടുതലറിയാനുള്ള അവസരമൊരുക്കാന്‍ റോട്ടറി ക്ലബ്ബ് മുന്‍കൈയെടുക്കണം. ജന്മദിന ആഘോഷങ്ങള്‍ക്കും മറ്റുമായി ചെലവഴിക്കുന്ന തുകയുടെ ഒരു വിഹിതം സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെയും കാന്‍സര്‍ പോലുള്ള രോഗത്താല്‍ കഷ്ടപ്പെടുന്നവരുടെയും സൗഖ്യത്തിനായും ക്ഷേമത്തിനായും വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കലൂരിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഫൗണ്ടേഷന്‍ ട്രസ്റ്റി ചെയര്‍ കല്യാണ്‍ ബാനര്‍ജി മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ റോട്ടറി ഫൗണ്ടേഷന്റെ പരമോന്നത ബഹുമതിയായ ആര്‍ച്ച് ക്ലംഫ് സൊസൈറ്റി അംഗത്വം നല്‍കി ചടങ്ങില്‍ ആദരിച്ചു. കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളുള്‍പ്പെട്ട റോട്ടറി ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്റ്റ് 3201 ആണ് ശതപ്രഭ എന്ന് പേരില്‍ ശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
സ്തനാര്‍ബുദം കണ്ടെത്തുന്നതിനായുള്ള അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാം കാരവന്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 200 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, എറണാകുളം ജനറല്‍ ആസ്പത്രിയിലേക്കുള്ള അത്യാധുനിക 16 സ്ലൈസ് സി.ടി സ്‌കാനര്‍ എന്നീ ശതാബ്ദിവര്‍ഷ സേവനപദ്ധതികള്‍ ഗവര്‍ണര്‍ പി സദാശിവം ചടങ്ങില്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ആയിരത്തി അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."