സ്ത്രീസമൂഹത്തെ പൊതുധാരയിലേക്ക് എത്തിക്കാന്‍ വനിതാസംഘടനകള്‍ക്ക് കഴിയണം: കെ.കെ ശൈലജ
തൊടുപുഴ: കാലഘട്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ത്രീസമൂഹത്തെ പൊതുധാരയിലേക്ക് എത്തിക്കാന്‍ വനിതാസംഘടനകള്‍ക്ക് കഴിയണമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബെഫി) 12-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിട്ടിരിക്കുന്ന സ്ത്രീകളുടെ സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടി സംഘബലം വിനിയോഗിക്കണം. സ്ത്രീകളില്‍ പലരും ഇന്നും അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് വന്നിട്ടില്ല.
പഴയ ഫ്യൂഡല്‍ ചിന്താഗതിയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ കുടുങ്ങി കിടക്കുകയാണവര്‍. ഒട്ടേറെ ദുര്‍ബലതകള്‍ സ്ത്രീസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രീയചിന്തയുടെ കുറവുമുണ്ട്.
ജാതകത്തിലും ചൊവ്വാദോഷത്തിലും വിശ്വാസം സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഒരു കാര്യവും ശക്തമായി തുറന്നു പറയാന്‍ കഴിയുന്നില്ല. മനസ് തുറക്കാനുള്ള ഇടങ്ങളുണ്ടെന്ന് പലരും മനസിലാക്കുന്നില്ല. ഈ ഇടങ്ങളിലേക്കുള്ള പാലമായി വനിതാസംഘടനകള്‍ മാറണം.
സ്ത്രീകള്‍ കൂട്ടായി സമൂഹത്തിലേക്ക് ഇറങ്ങിവരുന്ന നല്ല സന്ദേശവുമുണ്ട്. കുടുംബശ്രീ, ഭരണനിര്‍വഹണം എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നു. ഏത് ഉത്തരവാദിതവും ഏറ്റെടുക്കാന്‍ പ്രാപ്തരെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എല്‍ പ്രേമലത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."