ശരീഅത്തില്‍ ഞങ്ങള്‍ സംതൃപ്തരാണ്
സ്ത്രീയും അവളുടെ പ്രശ്‌നങ്ങളും ആഗോളതലത്തില്‍ എന്നും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. സ്ത്രീക്കും പുരുഷനും അതിരുകളില്ലാത്ത സ്വാതന്ത്ര്യം വേണമെന്നു ശഠിക്കുന്നവര്‍ക്കു മതത്തിന്റെ ഉപാധികളും അതിരുകളും പലപ്പോഴും ദഹിക്കാറില്ല. സ്ത്രീ ചര്‍ച്ചചെയ്യപ്പെടുന്നിടത്തെല്ലാം ഇസ്്‌ലാം പ്രതിക്കൂട്ടിലാകുന്നതു പതിവു അനുഭവമായിരിക്കുന്നു.
ഇസ്്‌ലാമില്‍ സ്ത്രീകള്‍ക്കു മാനസിക,ശാരീരിക പീഡനങ്ങളാണുള്ളത്, ഇസ്്‌ലാമിക നിയമങ്ങള്‍ മാറ്റിയെഴുതി മുസ്്‌ലിംസ്ത്രീകള്‍ക്കു ജീവിതമാസ്വദിക്കാന്‍ അവസരമൊരുക്കണം തുടങ്ങിയ മുറവിളിയാണു നാടുനീളെ കേള്‍ക്കുന്നത്. ഇസ്്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളായ ഖുര്‍ആനും ഹദീസും എന്താണെന്നുപോലുമറിയാത്ത ശശികലമാരും സതീദേവിമാരുമാണോ മുസ്്‌ലിംസ്ത്രീകളുടെ പേരില്‍ വ്യാകുലരാകേണ്ടത്.
മതത്തിനു പുറത്തുള്ള ഈ അഭിനവസ്വാതന്ത്ര്യവാദികളോടു മതത്തിനുള്ളിലുള്ള ഞങ്ങള്‍ പറയട്ടെ, ഞങ്ങള്‍ ഈ വിശുദ്ധമതത്തിന്റെ കല്‍പനകളിലും വിധിവിലക്കുകളിലും പൂര്‍ണസംതൃപ്തരാണ്. ഉപകാരപ്രദമായ കാര്യങ്ങളല്ലാതെ ഇസ്‌ലാം കല്‍പിച്ചിട്ടില്ലെന്നതും ഉപദ്രവകരമായവയല്ലാതെ നിരോധിച്ചിട്ടില്ലെന്നതും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. സ്ത്രീക്ക് ഇത്രമേല്‍ മഹത്വവും സ്വാതന്ത്ര്യവും അനുവദിക്കുന്ന മറ്റൊരു മതത്തെ പരിചയപ്പെടുത്താന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും സാധിക്കുമോ.
ഇസ്്‌ലാം മനുഷ്യനിര്‍മിതമല്ലെന്നതും സമ്പൂര്‍ണമായും ലോകസ്രഷ്ടാവായ അല്ലാഹുവിന്റെ ദിവ്യസന്ദേശങ്ങളാണെന്നതും അതിന്റെ അന്യൂനതയിലേയ്ക്കും സാധുതയിലേയ്ക്കും വെളിച്ചം വീശുന്നു. ഇനിയൊരു പ്രവാചകന്‍ വരാനില്ലെന്നതിനാല്‍ ഇസ്്‌ലാം സര്‍വകാലങ്ങള്‍ക്കും സര്‍വജനങ്ങള്‍ക്കുമുള്ളതാണ്. ലോകാവസാനംവരെ ജീവിക്കുന്ന ഏതു പരിവര്‍ത്തിതസമൂഹത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇസ്്‌ലാമിലെ നിയമസംഹിതയ്ക്കു രൂപംകൊടുത്തിട്ടുള്ളത്. കാലങ്ങള്‍ക്കനുസരിച്ചു കാഴ്ചപ്പാടുകളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നര്‍ഥം.
അന്ധമായ സ്ത്രീവാദം അപകടം മാത്രമേ വരുത്തിവയ്ക്കൂ. സ്ത്രീപുരുഷസമത്വം എല്ലാ മേഖലയിലും പ്രായോഗികമാണെന്നതു നിരര്‍ഥകമാണ്. സ്ത്രീയും പുരുഷനും ജൈവികമായിത്തന്നെ നിരവധി വ്യത്യാസങ്ങളുണ്ടെന്നതു സുവ്യക്തവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ആണിന്റെ ധര്‍മം കുടുംബനിയന്ത്രണമാണെങ്കില്‍ പെണ്ണിന്റെ ധര്‍മം സന്താനങ്ങളെ പരിപൂര്‍ണാര്‍ഥത്തില്‍ പരിപാലിച്ചു നല്ലതലമുറയെ സമൂഹത്തിനു സമര്‍പ്പിക്കുകയെന്നതാണ്.
രണ്ടുവിഭാഗത്തിനും അവരുടെ ധര്‍മനിര്‍വഹണത്തിന് ആവശ്യമായ ജൈവികഘടനയാണു സ്രഷ്ടാവ് നല്‍കിയിരിക്കുന്നത്. പെണ്ണിന്റെ ശരീരവും മനസും നിര്‍മലവും ദുര്‍ബലവുമാണ്. ഈ ദൗര്‍ബല്യം മാതൃത്വം ശരിയായ വിധത്തില്‍ നിര്‍വഹിക്കുന്നതിന് അനിവാര്യമാണ്. ശാരീരികമായും മാനസികമായും വലിയ അന്തരം നിലനില്‍ക്കുന്ന പുരുഷനും സ്ത്രീക്കും ഒരേ നിയമക്രമം വേണമെന്നു പറയുന്നതു മൗഢ്യവും ഒരര്‍ഥത്തില്‍ ക്രൂരതയുമല്ലേ.
സ്ത്രീക്ക് അസ്ഥിത്വംപോലും ചോദ്യചിഹ്നമായിരുന്ന കാലത്ത് ജീവിക്കാനുള്ള പ്രാണവായു കൊടുത്തതു മുതല്‍ തുടങ്ങുന്നു ഇസ്‌ലാമിന്റെ സ്ത്രീസംരക്ഷണ നിലപാടുകള്‍. പുരുഷനെപ്പോലെ സ്ത്രീയും സമൂഹത്തിന്റെ പകുതി ജീവനാണെന്നു പഠിപ്പിച്ചത് ഇസ്്‌ലാമാണ്. എല്ലാ മതങ്ങളിലും സംസ്‌കാരങ്ങളിലും ഉണ്ടായിരുന്ന ശോചനീയമായ സ്ത്രീസങ്കല്‍പങ്ങളെ ഇസ്്‌ലാം ഉടച്ചുവാര്‍ത്തു. അവര്‍ക്കു ബാധ്യതകള്‍ ഉള്ളതുപോലെ അവകാശങ്ങളുമുണ്ടെന്ന ഖുര്‍ആന്‍ വാക്യം ഇറങ്ങിയപ്പോള്‍ സ്ത്രീകളെ അടിമകളും ഉപകരണങ്ങളുമായി കണ്ടിരുന്ന മേധാവിത്വവര്‍ഗം അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.
സ്വര്‍ഗരാജ്യം മാതാവിന്റെ കാല്‍ക്കീഴിലാണെന്ന പ്രവാചകവചനം സ്്ത്രീക്ക് അഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കാന്‍ കരുത്തുനല്‍കി. ഇഹലോകത്തെ ഉത്തമവിഭവം സല്‍സ്വഭാവിയായ സ്ത്രീയാണെന്ന തിരുപ്രഖ്യാപനം അതുവരെ സ്ത്രീയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന മിഥ്യാധാരണകളെ തിരുത്തിയെഴുതി. 'നിങ്ങളില്‍ ഉത്തമര്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണെ'ന്ന തിരുമൊഴി സ്ത്രീവര്‍ഗത്തിന്റെ വില കുത്തനെ ഉയര്‍ത്തുകയായിരുന്നു. തന്റെ അവസാനശ്വാസത്തിലും 'സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണ'മെന്ന തിരുവധരങ്ങളുടെ മര്‍മരം സ്്ത്രീജനങ്ങള്‍ക്കു സ്വാതന്ത്ര്യത്തിന്റെ നിശ്വാസ വായു പകര്‍ന്നുകൊടുത്ത സുഖം ആര്‍ക്കാണു നിഷേധിക്കാനാകുക.
സ്ത്രീയുടെ മാനസിക, ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ചു ചില നിയമങ്ങളില്‍ അവള്‍ പുരുഷന്മാരില്‍നിന്നു വ്യത്യസ്തയാണ്. പ്രകൃതിമതമായ ഇസ്‌ലാം മനുഷ്യപ്രകൃതിക്കു നിരക്കാത്ത തീരുമാനങ്ങളൊന്നും എടുക്കില്ലെന്നതു തീര്‍ച്ചയാണ്. വിശ്വാസപരമായ അവകാശങ്ങളിലും ആരാധനകള്‍ക്കു പ്രതിഫലംനല്‍കുന്ന കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ അന്തരമില്ല. സൂറ: ഫാത്വിര്‍ 40-ാം സൂക്തവും ആലു ഇംറാന്‍ 100- ാം സൂക്തവും ഇതാണ് അര്‍ഥമാക്കുന്നത്.
സ്ത്രീയുടെ വസ്ത്രധാരണത്തില്‍ ഇസ്‌ലാം നിഷ്‌കര്‍ഷത കാണിച്ചതിന്റെ താല്‍പര്യം അവളുടെ സുരക്ഷയും വിശുദ്ധിയും ഉറപ്പുവരുത്തുകയെന്നതാണ്. ലാവണ്യവും ഭംഗിയുമുള്ള അവളുടെ മാംസളശരീരവും സൗന്ദര്യവും സമൂഹത്തില്‍ വ്യാപകമായി പ്രദര്‍ശിതമായാല്‍ ഉണ്ടായേക്കാവുന്ന സാമൂഹിക താളപ്പിഴകള്‍ തടയുകയാണു മതം ചെയ്യുന്നത്. സ്ത്രീയെ ആസ്വദിക്കാനും അനുഭവിക്കാനും പുരുഷവിഭാഗം ആഗ്രഹിക്കുന്നുവെന്നത് അവിതര്‍ക്കിതമാണ്. അതിരുകളില്ലാത്ത സ്ത്രീപുരുഷ സംസര്‍ഗവും സ്ത്രീസൗന്ദര്യംവച്ചുള്ള വാണിജ്യവല്‍ക്കരണവും ഇസ്്‌ലാം അംഗീകരിക്കുന്നില്ല. കാരണം, ഇസ്്‌ലാമിലെ സ്ത്രീ മൂല്യവത്താണ്. രത്‌നങ്ങളും പവിഴങ്ങളും സ്വര്‍ണവും വജ്രവുംപോലെ വിലയുള്ളതെന്തും മറഞ്ഞുനില്‍ക്കുന്നതാണല്ലോ പ്രകൃതിയുടെ സ്വഭാവം.
സ്്ത്രീധനം മറ്റൊരു ചര്‍ച്ചാവിഷയമാണ്. സത്യത്തില്‍ ഈ സമ്പ്രദായം ഇസ്്‌ലാമിന്റെ സംഭാവനയല്ല. വിവാഹത്തില്‍ സ്ത്രീയുടെ അവകാശമായ മഹറിനെപ്പറ്റി മാത്രമേ ഇസ്്‌ലാമിക പ്രമാണങ്ങളില്‍ പരമാര്‍ശമുള്ളൂ. ഖുര്‍ആനിലും ഹദീസുകളിലും പുരുഷന്‍ സ്ത്രീക്കു നല്‍കല്‍ നിര്‍ബന്ധമായ മഹറിനെക്കുറിച്ചുള്ള നിരവധി ആജ്ഞകളും നിര്‍ദ്ദേശങ്ങളും കാണാം.
ഭാര്യമാര്‍ക്കു നിങ്ങള്‍ വിവാഹമൂല്യം സസന്തോഷം നല്‍കുക. ഇനി സ്വേച്ഛപ്രകാരം അവരില്‍നിന്നു വല്ലതും നിങ്ങള്‍ക്കു നല്‍കിയാല്‍ സാമോദം സുഖമായി ഭക്ഷിക്കുക (സൂറ അന്നിസാഅ് -04).
യൂവസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടു നബി (സ്വ) പറഞ്ഞു: 'വിവാഹമൂല്യം നല്‍കാനും പെണ്ണിന്റെ ചെലവുകള്‍ നിവര്‍ത്തിക്കാനും സാധിക്കുന്നവര്‍ വിവാഹം കഴിക്കുക. വ്യഭിചാരവൃത്തിയില്‍ നിന്നു നിങ്ങളെ തടയാനും കുളിര്‍മ തരാനും അതാണു നല്ലത്.'
വിവാഹമെന്ന സങ്കല്‍പത്തിലെ സാമ്പത്തികബാധ്യതകള്‍ മുഴുവനായും പുരുഷന്റെ മേലിലാണെന്നര്‍ഥം.
സ്ത്രീയുടെ അനന്തരാവകാശനിയമങ്ങളും വല്ലാതെ വിമര്‍ശിക്കപ്പെടുന്നതു കാണുന്നു. പെണ്ണിനു സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് അധികാരമില്ലാതിരുന്ന കാലത്ത്, നിലവിലുണ്ടായിരുന്ന ഏതെങ്കിലും മതമോ സംസ്‌കാരമോ സ്ത്രീക്കു സ്വത്തവകാശമെന്ന സങ്കല്‍പംപോലും മുന്നോട്ടുവയ്ക്കാതിരുന്ന കാലത്താണു വിശുദ്ധമതം അവര്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്നു പ്രഖ്യാപിക്കുന്നത്.
ഇസ്്‌ലാമിന്റെ കാഴ്ചപ്പാടില്‍ കുടുംബത്തിന്റെ സാമ്പത്തികച്ചെലവുകള്‍ മുഴുവന്‍ വഹിക്കേണ്ടതു പുരുഷനാണ്. സ്ത്രീക്ക് ഒരു നിര്‍ബന്ധബാധ്യതയും ഇക്കാര്യത്തിലില്ല. അവള്‍ ഉദ്ദേശിക്കുന്നപക്ഷം തന്റെ സ്വത്തു ഭര്‍ത്താവിനു ദാനമായി കൊടുക്കാം. വീടുണ്ടാക്കല്‍, ഭാര്യക്കു വേലക്കാരിയെ വച്ചുകൊടുക്കല്‍, മക്കളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, തുടര്‍ന്നു വരുന്ന ചെലവുകള്‍, ചികിത്സാചെലവുകള്‍ തുടങ്ങി കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തികബാധ്യതകള്‍ കുടുംബനാഥനാണു വഹിക്കേണ്ടത്. അവന്‍ കൊണ്ടുവരുന്നതു വീട്ടില്‍ വീതിക്കുക മാത്രമാണ് പെണ്ണിന്റെ കടമ.
സര്‍വബാധ്യതകളുമുള്ള പുരുഷനും ഒരു ബാധ്യതയുമില്ലാത്ത സ്ത്രീക്കും ഒരേയളവില്‍ സ്വത്തിന്റെ ഓഹരി നല്‍കുന്നതു നീതിയാണോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ക്കു ഇസ്‌ലാമിനെ അനീതിയുടെ മുദ്രകുത്തി ആക്ഷേപിക്കാമായിരുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."