മോദിയുടെ പിടിപ്പുകേടിന് ചില പരിഹാര നിര്‍ദേശങ്ങള്‍
ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് ഏഴുദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചു നില്‍ക്കുന്നു. രാജ്യം നിശ്ചലമായി. ജനങ്ങള്‍ ആഹാരത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പരക്കം പായുന്നു. യുദ്ധകാലത്തുപോലും ഇങ്ങനെയൊരു ദുരിതമുണ്ടായിട്ടില്ല.
കള്ളപ്പണവും കള്ളനോട്ടും തടയാനെടുക്കുന്ന ഏതു നടപടിയും പൂര്‍ണമായി അംഗീകരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നല്ല തീരുമാനം മോശം രീതിയില്‍ നടപ്പാക്കിയാല്‍ വിപരീതഫലമാണുണ്ടാകുക. അതാണിപ്പോള്‍ സംഭവിച്ചത്. ഒരു കള്ളനോട്ടുകാരനോ കരിഞ്ചന്തക്കാരനോ ക്യൂവില്‍ നില്‍ക്കുന്നില്ല. സാധാരണക്കാരാണു പരക്കംപായുന്നത്.
ആത്മാഭിമാനത്തോടെ ജീവിച്ചവര്‍ പൊടുന്നനേ യാചകരെപ്പോലെയായി. ഭക്ഷണസാധനങ്ങള്‍ വാങ്ങാനും ചികിത്സയ്ക്കും കുട്ടികളെ പഠിപ്പിക്കാനും യാത്രചെയ്യാനും കാശില്ല. ഭൂമിയുടെ വിലയിടിയുന്നു. വിവാഹങ്ങള്‍ മുടങ്ങുന്നു. പണിയില്ലാതാകുന്നു. വലിയൊരു പ്രതിസന്ധിയുടെ മുകളിലാണു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം.
എടുത്തുചാടി എടുത്ത നടപടി തിരിച്ചടിയായി. 133 കോടി ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന കറന്‍സി മൂല്യത്തിന്റെ 86 ശതമാനം വരും 1000, 500 നോട്ടുകള്‍. അതു പൊടുന്നനവേ പിന്‍വലിച്ചപ്പോള്‍ ബദല്‍ ക്രമീകരണം ഉണ്ടായില്ല. ചികിത്സയ്ക്കു പണം ലഭ്യമാക്കാത്തതിനാല്‍ പിഞ്ചു കുഞ്ഞു മരിച്ചതും ജനം റേഷന്‍ കട കൊള്ളയടിച്ചതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
ജനങ്ങള്‍ക്കു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു വ്യക്തമായപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കണമായിരുന്നു. തൊട്ടടുത്തദിവസം മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സംസ്ഥാനങ്ങളുടെ പൂര്‍ണപിന്തുണയോടെ ദുരിതം പരമാവധി കുറയ്ക്കാനാകുമായിരുന്നു. 1000, 500 രൂപ നോട്ടുകള്‍ റദ്ദാക്കുമ്പോള്‍ ആവശ്യത്തിനു 100 രൂപ നോട്ടുകള്‍ ലഭ്യമാക്കേണ്ടിയിരുന്നു. ഇതൊന്നും ചെയ്യാതെ രാഷ്രീയതിമിരം ബാധിച്ചു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ക്രെഡിറ്റ് ലഭിക്കാനാണു പ്രധാനമന്ത്രി ശ്രമിച്ചത്. സഹമന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുത്തില്ല. മന്ത്രിമാരെ മുറിയിലിരുത്തി ടെലിവിഷന്‍ പ്രഖ്യാപനം നടത്തി തിരിച്ചെത്തിയശേഷമാണു പോകാന്‍ അനുവദിച്ചത്.
പണമില്ലാതെ അമ്പതു ദിവസംകൂടി കാത്തിരിക്കണമെന്നാണു പ്രധാനമന്ത്രി പറയുന്നത്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍പ്പോലും നടക്കാത്ത കാര്യമാണത്. അമ്പതു ദിവസത്തേക്കു കൂടിയുള്ള സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമാണത്.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പരിഗണനയ്ക്കു താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
1) സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ തീരുമാനം കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും എടുക്കണം.
2) സഹകരണ മേഖലയെ ഫലപ്രദമായി ഉപയോഗിച്ചു പ്രതിസന്ധിയെ ലഘൂകരിക്കാന്‍ ശ്രമിക്കണം.
3) ആരോഗ്യസേവനം, ഭക്ഷ്യവസ്തുക്കള്‍ എന്നീ മേഖലകളില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ അടിയന്തരമായി ലഘൂകരിക്കണം.
4) ശബരിമല തീര്‍ത്ഥാടകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം.
5) പ്രതിസന്ധി അയയുംവരെ വിദ്യാഭ്യാസ ഫീസ് അടയ്ക്കുന്നതിനു സാവകാശം നല്‍കണം.
6) സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും 100, 50, 20, 10 രൂപ നോട്ടുകളും പുതിയ 500, 2000 രൂപ നോട്ടുകളും ലഭ്യമാക്കണം.
7) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളിലേക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ജനങ്ങള്‍ അടയ്‌ക്കേണ്ട 10,000 വരെയുള്ള തുകയ്ക്കു സാവകാശം നല്‍കണം.
8) പെന്‍ഷനുകള്‍ മുടക്കം കൂടാതെ നല്‍കാന്‍ നടപടി എടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."